കൊൽക്കത്ത: ദശാബ്ദങ്ങൾ നീണ്ടുനിന്ന തൃണമൂൽ കോൺഗ്രസ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബിജെപി ചരിത്ര വിജയം സ്വന്തമാക്കിയ ബംഗാളിൽ സുവേന്ദു അധികാരി മുഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ട്. ആകെയുള്ള 294 സീറ്റുകളിൽ 206 എണ്ണത്തിലും വിജയിച്ച് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് ബിജെപി അധികാരം പിടിച്ചെടുത്തത്. ഭരണവിരുദ്ധ വികാരവും അഴിമതിക്കെതിരെയുള്ള ജനരോഷവും സംസ്ഥാനത്ത് ആഞ്ഞടിച്ചപ്പോൾ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് വെറും 81 സീറ്റുകളിലേക്ക് ചുരുങ്ങി.
ബംഗാൾ രാഷ്ട്രീയത്തിലെ കരുത്തയായ മമത ബാനർജിക്ക് സ്വന്തം തട്ടകമായ ഭവാനിപുരിൽ ഏറ്റ പരാജയം ദേശീയ രാഷ്ട്രീയത്തിൽ തന്നെ വലിയ ചർച്ചയായിരിക്കുകയാണ്. ബിജെപി നേതാവ് സുവേന്ദു അധികാരിയോട് 15,105 വോട്ടുകൾക്കാണ് മമത പരാജയപ്പെട്ടത്. നന്ദിഗ്രാമിലും സുവേന്ദു അധികാരി വിജയം ആവർത്തിച്ചു. ഇതോടെ ബംഗാളിന്റെ അടുത്ത മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഏതാണ്ട് ഉറപ്പായി. തൃണമൂൽ മന്ത്രിസഭയിലെ 23 പ്രമുഖ മന്ത്രിമാരും ഇത്തവണ പരാജയത്തിന്റെ കയ്പുനീർ കുടിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൃത്യമായ രാഷ്ട്രീയ തന്ത്രങ്ങളാണ് ബംഗാളിലെ ഈ അട്ടിമറി വിജയത്തിന് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു. ‘രാഷ്ട്രീയ ചാണക്യൻ’ എന്ന വിളിപ്പേര് അന്വർത്ഥമാക്കും വിധം വടക്കൻ ബംഗാളിലും പടിഞ്ഞാറൻ മേഖലകളിലും ബിജെപി ക്ലീൻ സ്വീപ്പ് നടത്തി. അഴിമതിക്കും ഗുണ്ടാരാജിനും അന്ത്യം കുറിക്കുമെന്ന ബിജെപിയുടെ വാഗ്ദാനം യുവാക്കളെയും സ്ത്രീകളെയും വലിയ രീതിയിൽ ആകർഷിച്ചു.
തെരഞ്ഞെടുപ്പിൽ കോൺഗ്രസ് രണ്ട് സീറ്റുകളിലും സി.പി.എം ഒരു സീറ്റിലും ഒതുങ്ങി. വോട്ടെണ്ണലിന് പിന്നാലെ പലയിടങ്ങളിലും അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന് സംസ്ഥാനത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. തോൽവി സമ്മതിച്ച മമത ബാനർജി ശക്തമായ പ്രതിപക്ഷമായി നിലകൊള്ളുമെന്ന് അറിയിച്ചെങ്കിലും, തൃണമൂൽ കോൺഗ്രസിനേറ്റ ഈ പ്രഹരം പാർട്ടിയിൽ വലിയ പൊട്ടിത്തെറികൾക്ക് കാരണമായേക്കാം. വരും ദിവസങ്ങളിൽ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ ബംഗാളിൽ അധികാരമേൽക്കും.

