ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ 107 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ വിജയ്‌യുടെ തമിഴക വെട്രി കഴകം (TVK) ഭരണത്തിലേറാനുള്ള ഒരുക്കങ്ങൾ തുടങ്ങി. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 എന്ന സംഖ്യയിലെത്താൻ 11 സീറ്റുകളുടെ കൂടി കുറവുണ്ടെങ്കിലും, വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ ഗവർണർ വിജയിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചേക്കും. ഡിഎംകെ കോട്ടകളിൽ വിള്ളലുണ്ടാക്കി നേടിയ ഈ വിജയം തമിഴ് രാഷ്ട്രീയത്തിൽ പുതിയൊരു അധികാര സമവാക്യത്തിന് തുടക്കമിട്ടിരിക്കുകയാണ്.
ഭരണം ഉറപ്പിക്കാൻ ടിവികെ പ്രധാനമായും ലക്ഷ്യമിടുന്നത് നിലവിൽ ഡിഎംകെ സഖ്യത്തിലുള്ള കക്ഷികളെയാണ്. അഞ്ച് സീറ്റുകൾ നേടിയ കോൺഗ്രസ്, സിപിഐ (2), സിപിഎം (2), വിസികെ (2) എന്നീ പാർട്ടികളുടെ പുറത്തുനിന്നുള്ള പിന്തുണയോടെ ഭരണം മുന്നോട്ട് കൊണ്ടുപോകാനാണ് വിജയിയുടെ നീക്കം. കൂടാതെ അഞ്ച് സീറ്റുകൾ നേടിയ പിഎംകെയുടെ പിന്തുണയും ടി.വി.കെ. പ്രതീക്ഷിക്കുന്നുണ്ട്.
ചെന്നൈയിലെ 16 സീറ്റുകളിൽ 14-ഉം തൂത്തുവാരിക്കൊണ്ടാണ് വിജയ് തന്റെ രാഷ്ട്രീയ കരുത്ത് തെളിയിച്ചത്. പെരമ്പൂർ, ട്രിച്ചി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിലും വിജയ് ഉജ്ജ്വല വിജയം നേടി. മെയ് 7-ന് സത്യപ്രതിജ്ഞ നടക്കുമെന്നാണ് പാർട്ടി കേന്ദ്രങ്ങളിൽ നിന്നുള്ള സൂചന. തമിഴ്‌നാട് രാഷ്ട്രീയത്തിലെ ഈ വൻ അഴിച്ചുപണി സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ സഖ്യത്തിന് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.

