ദില്ലി : ഗൽവാൻ സംഘർഷത്തിന് ശേഷം ഇതാദ്യമായി ഇന്ത്യ–ചൈന പ്രതിരോധ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ ചൈനയ്ക്ക് ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കടുത്ത മുന്നറിയിപ്പ് നൽകി. നിലവിലുള്ള കരാറുകളുടെ ലംഘനം ഉഭയകക്ഷി ബന്ധത്തിന്റെ മുഴുവൻ അടിത്തറയും നശിക്കുന്നതിനിടയാക്കിയെന്ന് ഇന്ത്യ ചൈനയെ അറിയിച്ചു.
നിയന്ത്രണ രേഖയിൽ നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ട്. ഉഭയകക്ഷി കരാറുകൾ പ്രകാരം പ്രശ്നപരിഹാരം ഉണ്ടാകണം. പ്രശ്നങ്ങൾ പരിഹരിക്കുന്ന മുറയ്ക്ക് അതിർത്തിയിലെ പിന്മാറ്റം യുക്തിസഹമായി തുടരുമെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി. ഷാങ്ഹായി കോ ഓപ്പറേഷൻ ഓര്‍ഗനൈസേഷനിലെ വിദേശകാര്യ മന്ത്രിമാരുടെ കൗണ്‍സിലിലായിരുന്നു കൂടിക്കാഴ്ച.
ഇതിന് മുൻപ് സൈനിക തലത്തിൽ 18 തവണ നടത്തിയ ചർച്ചയുടെ ഫലമായി ഗൽവാൻ, ലഡാക്ക്, പാംഗോങ് എന്നിവിടങ്ങളിൽ സംഘർഷ സാധ്യത ഇല്ലാതായിട്ടുണ്ട്.എന്നാൽ ചൈന വ്യാപകമായി സ്ഥലം കയ്യേറിയ ഡെംചോങ്, ഡെപ്സാങ് എന്നിവിടങ്ങളിൽ ഇപ്പോഴും സംഘർഷ സാധ്യത നിലനിൽക്കുകയാണ്.
ദില്ലിയിൽ വെച്ച് നടക്കുന്ന ഷാങ്ഹായി കോ ഓപ്പറേഷൻ ഓര്‍ഗനൈസേഷനിലെ വിദേശകാര്യ മന്ത്രിമാരുടെ കൗണ്‍സിലിൽ ഖസാക്കിസ്ഥാൻ, ഇറാൻ, താജാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാരുമായി രാജ്നാഥ് സിങ് കൂടിക്കാഴ്ച നടത്തി.

