റിയാദ് : വിമാനങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ വിസ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്‍ക്ക് യാതൊരു പിഴയും കൂടാതെ സൗദി അറേബ്യയില്‍ നിന്ന് മടങ്ങാന്‍ അധികൃതരുടെ അനുവാദം. ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ നിലവിലെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും എംബസി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനവും സര്‍വീസുകളും താളം തെറ്റിയതിനെ തുടര്‍ന്ന് സൗദിയില്‍ നിരവധി ഇന്ത്യക്കാരാണ് കുടുങ്ങിയിട്ടുള്ളത്. സന്ദര്‍ശക വിസ, ടൂറിസ്റ്റ് വിസ, ഉംറ വിസ, ബിസിനസ് വിസ എന്നിവയിലൂടെയെത്തി കാലാവധി കഴിഞ്ഞവര്‍ക്ക് ഈ പുതിയ തീരുമാനം വലിയ ആശ്വാസമാകും. വിമാന സര്‍വീസുകള്‍ ലഭ്യമാകുന്ന മുറയ്ക്ക് എത്രയും പെട്ടെന്ന് രാജ്യം വിടേണ്ടതാണ്. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഖത്തര്‍, ബഹ്റൈന്‍ തുടങ്ങിയ അയല്‍രാജ്യങ്ങളിലെ വിമാനത്താവളങ്ങള്‍ വഴിയുള്ള സര്‍വീസുകളും ഉപയോഗപ്പെടുത്താമെന്ന് എംബസി ഓര്‍മിപ്പിച്ചു.
സൗദിയിലെ നിലവിലെ സാഹചര്യത്തില്‍ രാജ്യത്തുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്ന് എംബസി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ പൗരന്മാരില്‍ 4 പേര്‍ തീവ്രപരിചരണ വിഭാഗത്തിലും (ICU) 4 പേര്‍ സാധാരണ വാര്‍ഡിലും ചികിത്സയിലാണെന്ന് എംബസി വ്യക്തമാക്കി. കൂടാതെ, ആക്രമണങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും കര്‍ശനമായി ഒഴിവാക്കണമെന്നും എംബസി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

