Sunday, May 19, 2024
spot_img

തൃശ്ശൂർ പൂരം തടസ്സപ്പെടുത്തി; പോലീസ് കമ്മീഷണറെ സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങും

തൃശ്ശൂർ: പൂരം തടസ്സപ്പെടുത്തിയ ജില്ലാ പോലീസ് കമ്മീഷണർ അങ്കിത് അശോകനെ സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങും. പോലീസിന്റെ ഇടപെടലിൽ പൂരം അലങ്കോലമായതിനാലാണ് അടിയന്തര നടപടി സ്വീകരിക്കുന്നത്. പൂരവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പരാതികൾ സംസ്ഥാന പോലീസ് മേധാവി അന്വേഷിക്കും.

അങ്കിതിന് പകരക്കാരനായി നിയമനം നൽകാനുള്ളവരുടെ പട്ടിക സർക്കാർ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. അസിസ്റ്റന്റ് കമ്മീഷണർ സുദർശനെയും സ്ഥലം മാറ്റും. കേസിൽ ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

പൂരത്തിന്റെ കുടമാറ്റത്തിന് ശേഷമുള്ള ചടങ്ങുകളെല്ലാം പോലീസ് നിയന്ത്രണത്തെ തുടർന്ന് തടസപ്പെട്ടിരുന്നു. പോലീസിന്റെ അനാവശ്യ നിയന്ത്രണങ്ങൾ പൂരം നടത്തിപ്പിനെ പൂർണമായി താളം തെറ്റിക്കുകയായിരുന്നു. പുലർച്ചെ നടക്കേണ്ട വെടിക്കെട്ട് നാല് മണിക്കൂറോളം വൈകി രാവിലെ ഏഴ് മണി മുതലാണ് തുടങ്ങിയത്.

പൂരത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്രയും വൈകി വെടിക്കെട്ട് നടത്തുന്നത്. പൂരപ്രേമികളിലും ഭക്തർക്കിടയിലും ഇത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. വെടിക്കെട്ട് ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ പോലീസ് ആളുകളെ തടഞ്ഞതും പ്രതിഷേധത്തിനിടയാക്കി. പൂരത്തിന്റെ ഭാ​ഗമായി നടക്കുന്ന പ്രദർശനവും പോലീസ് തടഞ്ഞിരുന്നു. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കാനാണ് കച്ചവ‌ടക്കാരുടെ തീരുമാനം.

Related Articles

Latest Articles