Tuesday, April 30, 2024
spot_img

ഇന്ന് അനിഴം; ‘നാളെയാണ് നാളെ‘ ഓണം എന്ന ഓർമ്മിപ്പിക്കൽ സൂചനാ ദിനം; ഈ ദിവസത്തെ പ്രത്യേകതകൾ അറിയാം

ഇന്ന് ഓണത്തിന്റെ അഞ്ചാം ദിനമായ അനിഴം ദിനം. ലോട്ടറിക്കാരന്റെ വില്പന വിളംബരം പോലെ ‘നാളെയാണ് നാളെ ‘ ഓണം എന്ന ഓർമ്മിപ്പിക്കൽ സൂചനാ ദിനം. ഇനിയും മുക്കിയും മൂളിയും ഇരിക്കുന്നവർ ഉണ്ടെങ്കിൽ ‘ഉണരൂ വേഗം നീ’ എന്ന് അനിഴം വാതിൽക്കൽ മുട്ടി വിളിച്ച് പറയുന്നു. അഞ്ചാം ദിവസത്തിൽ ഓണാഘോഷം അതിന്റെ ഗൗരവത്തോടെ തുടക്കം കുറിക്കണമെന്ന് പഴമക്കാർ പറയുന്നു. അഞ്ച് തരം പൂക്കൾ കൊണ്ട് അഞ്ച് തട്ടുകളായാണ് അനിഴത്തിൽ പൂക്കളം ഇടേണ്ടത് എന്നാണ് പഴയ ചിട്ട.

അനിഴം നക്ഷത്രത്തിലാണ് ആറന്‍മുള വള്ളംകളിക്ക് തുടക്കം കുറിക്കുന്നത്. ആറന്‍മുള വള്ളംകളിക്ക് നമ്മുടെ ചരിത്രത്തില്‍ വളരെയധികം പ്രാധാന്യം ഉണ്ട്. പത്തനംതിട്ട ജില്ലയില്‍ പമ്പ നദിയുടെ തീരത്ത് ആറന്‍മുള ക്ഷേത്രത്തിലെ ചടങ്ങുകളോട് അനുബന്ധിച്ചാണ് ആറന്‍മുള ഉത്രട്ടാതി വള്ളംകളി ആഘോഷിക്കുന്നത്. ഇതാകട്ടെ ഐശ്വര്യം കൊണ്ട് വരുന്ന ദിനമാണ് എന്നാണ് തെക്കന്‍ ജില്ലകളില്‍ ഉള്ളവര്‍ വിശ്വസിക്കുന്നത്. ചുണ്ടന്‍ വള്ളങ്ങള്‍ ആണ് വള്ളംകളിയില്‍ പങ്കെടുക്കുന്നത്. മനോഹരമായി അലങ്കരിച്ച വള്ളത്തില്‍ മുണ്ടും തലപ്പാവും തോര്‍ത്തും മടക്കിക്കെട്ടി ഓരോ തുഴക്കാരും വള്ളപ്പാട്ടിന്റെയും വഞ്ചിപ്പാട്ടിന്റേയും ഈരടികള്‍ പാടിക്കൊണ്ടാണ് തുഴയുന്നത്. ഒത്തൊരുമയോടെ വിജയത്തിലേക്ക് തുഴഞ്ഞെത്തുക എന്നതായിരിക്കും ഓരോ തുഴക്കാരന്റേയും മനസ്സില്‍. ആറന്‍മുളയപ്പന്റെ തിരുവോണ സദ്യക്ക് വിഭവങ്ങളുമായി കാട്ടൂര്‍ മാങ്ങാട്ടില്ലത്ത് നിന്നും തിരുവാറന്‍മുളയിലേക്ക് വരുന്ന തോണിയെ അകമ്പടി സേവിക്കുക എന്നതാണ് വള്ളംകളിയുടെ ഐതിഹ്യം. ചിങ്ങമാസത്തിലെ ഉത്രട്ടാതി ദിനത്തിലാണ് വള്ളം കളി നടക്കുന്നത്. എന്നാല്‍ അതിന് തുടക്കം കുറിക്കുന്നത് അനിഴം ദിനത്തിലാണ്.

ഈ ദിനത്തില്‍ എന്ത് ചെയ്യുന്നതും നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരും എന്നാണ് സൂചിപ്പിക്കുന്നതും അര്‍ത്ഥമാക്കുന്നതും. അനിഴം ദിനത്തിന് ഓണദിനങ്ങള്‍ക്കിടയില്‍ വളരെയധികം പ്രാധാന്യം അതുകൊണ്ട് തന്നെ നമ്മള്‍ ഇപ്പോഴും നല്‍കുന്നു. പൂക്കളങ്ങൾ രൂപം മാറുന്നതും അനിഴത്തിലാണ്. ഓണപ്പൂക്കളത്തിനരികെ ഈർക്കിലിൽ ചെമ്പരത്തി പോലെയുള്ള വലിയ പൂക്കൾ കോർത്ത് വാഴപ്പിണ്ടിയിൽ കുത്തി നിർത്തുന്ന ഒരു പതിവുണ്ടായിരുന്നു, പണ്ട്. ‘കുടം കുത്തൽ’ എന്ന ഈ പൂക്കള അലങ്കാര രീതി തുടങ്ങുന്നത് അനിഴത്തിലായിരുന്നു.

Related Articles

Latest Articles