Friday, May 17, 2024
spot_img

ഇന്ന് ഓണത്തിന്റെ എട്ടാം നാളായ പൂരാടം ദിനം; മഹാബലിയെയും വാമനനെയും വരവേല്‍ക്കാന്‍ മലയാളക്കര ഒരുങ്ങി, തിരുവോണത്തിന് ഇനി ഒരു ദിവസം മാത്രം

അത്തം തുടങ്ങി എട്ടാം നാള്‍, ഇന്ന് ഓണത്തിന്റെ എട്ടാം നാളായ പൂരാടം ദിനം. ഉത്രാട ദിനത്തിനുള്ള ഒരുക്കത്തിലാണ് പൂരാട ദിനം മലയാളികള്‍ ഏര്‍പ്പെടുന്നത്. ഓണാഘോഷത്തിനുള്ള വിഭവങ്ങള്‍ തരപ്പെടുത്തുന്ന തിരക്കിലാണ് പൂരാട ദിനം മലയാളികള്‍ മുഴുകുക. ഒരുക്കങ്ങളെല്ലാം ഈ ദിനത്തോടെ പൂര്‍ത്തിയാക്കും. പറമ്പുകളിലെ വിളവെടുപ്പും പൂരാട നാളിലാണ്. വീടെല്ലാം വൃത്തിയാക്കി മഹാബലിയെയും വാമനനെയും വരവേല്‍ക്കാന്‍ മലയാളക്കര ഒരുങ്ങുന്നതും പൂരാട ദിനത്തില്‍ തന്നെ. ഈ ദിനത്തില്‍, പൂരാടം ഉണ്ണികളെന്ന പേരിലാണ് കുട്ടികള്‍ അറിയപ്പെടുന്നത്. പൂക്കളത്തില്‍ മണ്‍ചിരാതുകള്‍ തെളിയിക്കുന്നതും പൂരാടം നാളിലാണ്. പൂരാടം ദിനത്തില്‍ പൂക്കളത്തിന്റെ വളയം എട്ടാകും. കാക്കപ്പൂവ്, ചെമ്പരത്തികള്‍, തെച്ചിപ്പൂവ്, കൊങ്ങിണിപ്പൂവ് തുടങ്ങിയവ ഉപയോഗിച്ചും മലയാളി പൂക്കളം തീര്‍ക്കുന്നു. കൂടുതല്‍ മനോഹരമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു വലിയ പൂക്കളമായിരിക്കും പൂരാട ദിവസം ഒരുക്കുന്നത്.

ഓണാഘോഷത്തിന്റെയും പൂക്കളത്തിന്റെയും രൂപം മാറുന്നത് പൂരാടനാളിലാണ്. മുറ്റത്ത് തൃക്കാക്കരയപ്പന്റെയും മക്കളുടെയും രൂപങ്ങള്‍ മണ്ണിലുണ്ടാക്കി വയ്ക്കുന്നത് ഈ ദിവസമാണ്. ഓണത്തപ്പനെന്നും ഈ സ്തൂപ രൂപങ്ങളെ വിളിക്കുന്നു. മുറ്റത്ത് ചാണകം മെഴുകി, അരിമാവില്‍ കോലങ്ങള്‍ വരച്ച് പലകയിട്ട് മണ്‍രൂപങ്ങള്‍ വയ്ക്കുന്നു. തൃക്കാക്കരയപ്പനും മക്കളുമാണ് ചിലയിടങ്ങളില്‍ ഇത്. വീട്ടുപടിയ്ക്കലും ഇതുപോലെ അണിഞ്ഞ് മണ്‍രൂപം വയ്ക്കും. മണ്ണു കൊണ്ട് മാവേലിയെയും വാമനനേയും ഉണ്ടാക്കി പ്രത്യേകം പൂജ നടത്തുന്നു. ഈ ദിനത്തില്‍ നമ്മള്‍ പല വിധത്തിലുള്ള ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നുണ്ട്.

Related Articles

Latest Articles