Friday, May 3, 2024
spot_img

ഇന്ന് ഓണത്തിന്റെ ഏഴാം നാളായ മൂലം ദിനം; പുലികളിക്കും കൈകൊട്ടി കളിക്കും ഇന്ന് തുടക്കം; തിരുവോണത്തിന് ഇനി വെറും രണ്ട് ദിവസം മാത്രം…

ഇന്ന് ഓണത്തിന്റെ ഏഴാം നാളായ മൂലം ദിനമാണ്. മൂലം നാള്‍ മുതലാണ് ഓണാഘോഷങ്ങള്‍ക്ക് പൂര്‍ണമായ ഉത്സവച്ഛായ ലഭിക്കുന്നത്. പരമ്പരാഗത കലാരൂപങ്ങളും ഘോഷയാത്രകളുമായി ഓണത്തിന്റെ മിഴിവാര്‍ന്ന തലത്തിലേക്ക് ആഘോഷങ്ങള്‍ കടക്കുന്നു. കേരളത്തിലെ തനതു കലാരൂപമായ പുലികളി അഥവാ കടുവ കളിക്കും കൈകൊട്ടി കളിക്കും തുടക്കം കുറിക്കുന്നത് മൂലം നാളോടുകൂടിയാണ്. ഓണക്കാലം സമ്മാനിക്കുന്ന മനോഹരമായ നയന വിരുന്നാണ് പുലികളി.

പുലികളിക്ക് ഏകദേശം 200 വര്‍ഷത്തെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. ഈ കലാരൂപം അവതരിപ്പിക്കുന്ന കലാകാരന്മാര്‍ അന്നേദിവസം, കടുവയുടെ ശരീരത്തിലുള്ളതു പോലുള്ള വരകളും, കടുവയുടെ മുഖവും ശരീരത്തില്‍ വരയ്ക്കും. മുഖത്ത് കടുവയുടെ മുഖം മൂടിയും വച്ച് വാദ്യമേളങ്ങള്‍ക്കനുസരിച്ച് നൃത്തം വെയ്ക്കുന്നതാണ് ആഘോഷം. ഉടുക്കും, തകിലുമാണ് വാദ്യങ്ങളായി ഉപയോഗിക്കാറുള്ളത്. പുലികളെക്കൂടാതെ ഒരു വേട്ടക്കാരനും ഈ സംഘത്തില്‍ ഉണ്ടായിരിക്കും. കടും മഞ്ഞ നിറത്തിലുള്ളതും, കറുപ്പ് നിറത്തിലുള്ളതുമായ ചായങ്ങളാണ് കൂടുതലായും വരയ്ക്കുവാന്‍ ഉപയോഗിക്കുന്നത്. പ്രത്യേകം പരിശീലനം സിദ്ധിച്ച ആളുകളാണ് ഈ കലാരൂപം അവതരിപ്പിക്കാറുള്ളത്. കസവു ചുറ്റി, മുടിയില്‍ മുല്ലപ്പൂ ചൂടി, ആഭരണങ്ങള്‍ അണിഞ്ഞ ഒരു കൂട്ടം സ്ത്രീകള്‍ നിലവിളക്കിനും പൂക്കളത്തിനും ചുറ്റുമായി നിന്ന് താളം ചവിട്ടുന്ന തിരുവാതിര കളി അഥവാ കൈകൊട്ടി കളി ഓണക്കാലത്തെ മനോഹരമായ പതിവ് കാഴ്ചകളിലൊന്നാണ്.

മൂലം നാളിലിടുന്ന പൂക്കളത്തിനുമുണ്ട് പ്രത്യേകത. ഈ ദിനം പൂക്കളത്തിന്റെ ആകൃതിക്ക് വ്യത്യാസം വരുന്നു. പൂക്കളം ചതുരാകൃതിയിലാകും എന്നതാണ് പ്രത്യേകത. നാലുദിക്കിലും ഈര്‍ക്കില്‍ കുത്തി നിര്‍ത്തി പൂ വച്ച് അലങ്കരിക്കുന്ന രീതിയും കണ്ടുവരുന്നുണ്ട്. ഈ ദിവസത്തിനുശേഷം പൂക്കളം ഏത് ആകൃതിയില്‍ വേണമെങ്കിലും തീര്‍ക്കാം.

ഓണാഘോഷത്തിന് ബാക്കി നില്‍ക്കുന്ന രണ്ട് ദിവസത്തെ ആവേശം കൊള്ളിക്കുന്ന സമയമാണ് മൂലം ദിനത്തിന്റെ പ്രത്യേകത. വിപണികള്‍ എല്ലാം തന്നെ ഓണവിപണികളായി മാറുന്ന സമയം കൂടിയാണ് ഇത്. തങ്ങളുടെ ഓണത്തപ്പനെ കാണാനുള്ള സമയം വന്നിരിക്കുന്നു എന്ന തോന്നലാണ് ആളുകള്‍ക്ക് ലഭിക്കുന്നത്. ഒരു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ചുറ്റും ആഘോഷങ്ങളും സന്തോഷങ്ങളും കൊണ്ട് നിറക്കുന്ന സമയമാണ് ഈ ദിനം. അതുകൊണ്ട് തന്നെ ഇനി കാത്തിരിക്കാം, നല്ലൊരു തിരുവോണപ്പുലരിക്കായി.

Related Articles

Latest Articles