Sunday, April 28, 2024
spot_img

ആരോഗ്യകാരണങ്ങൾ ഉന്നയിച്ച് ജാമ്യത്തിലിറങ്ങി പിന്നാലെ ബാഡ്മിന്റൺ കളി! ലാലു പ്രസാദ് യാദവിന്റെ ജാമ്യം റദ്ദാക്കണമെന്ന് സിബിഐ സുപ്രീം കോടതിയിൽ

ദില്ലി : കാലിത്തീറ്റ കുംഭകോണക്കേസിൽ ആരോഗ്യകാരണങ്ങൾ ഉന്നയിച്ച് ജാമ്യത്തിലിറങ്ങിയ ആർജെഡി നേതാവും ബിഹാർ മുൻമുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് ബാഡ്മിന്റൺ കളിക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിലടക്കം പ്രചരിച്ചതിന് പിന്നാലെ സിബിഐ സുപ്രീം കോടതിയെ സമീപിച്ചു ഡൊറാൻഡ ട്രഷറി കേസിൽ അഞ്ചു വർഷം തടവിന് ശിക്ഷിക്കപ്പെട്ട ലാലുവിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്.

ലാലുവിന് ജാമ്യം അനുവദിച്ച ജാർഖണ്ഡ് ഹൈക്കോടതി ഉത്തരവ് തെറ്റാണെന്ന് സിബിഐക്കു വേണ്ടി ഹാജരായ അഡിഷനൽ സോളിസിറ്റർ ജനറൽ എസ്.വി.രാജു വാദിച്ചു. ലാലു അടുത്തിടെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നും കേസിൽ ലാലു 42 മാസം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ജാമ്യം റദ്ദാക്കാനുള്ള നീക്കത്തെ എതിർത്തു. ജസ്റ്റിസുമാരായ എ.എസ്.ബൊപ്പണ്ണ, എം.എം.സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച് കേസ് ഒക്ടോബർ 17ലേക്ക് മാറ്റി.

1992 നും 1995 നും ഇടയിൽ ബിഹാർ മുഖ്യമന്ത്രിയായിരിക്കെ വഹിച്ച ധനകാര്യ, മൃഗസംരക്ഷണ വകുപ്പുകളിലെ 950 കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് അഞ്ചു കേസുകളിലാണ് ലാലു ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ബീഹാറിലെയും ജാർഖണ്ഡിലെയും വിവിധ ട്രഷറികളിൽ നിന്ന് കാലിത്തീറ്റ, മരുന്നുകൾ എന്നിവയുമായി ബന്ധപ്പെട്ട് വ്യാജ ബില്ലുകളും വൗച്ചറുകളും ഹാജരാക്കി വൻ തുക തട്ടിയെടുത്തുവെന്നാണ് കേസ്.

കഴിഞ്ഞ വർഷം ഏപ്രിൽ 22ന് ഡൊറാൻഡ ട്രഷറി തട്ടിപ്പ് കേസിൽ ലാലുവിന് ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഡൊറാൻഡ ട്രഷറിയിൽ നിന്ന് 139 കോടിയിലധികം രൂപ തട്ടിയെടുത്ത അഞ്ചാമത്തെ കാലിത്തീറ്റ കുംഭകോണക്കേസുമായി ബന്ധപ്പെട്ട് 2022 ഫെബ്രുവരിയിലാണ് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി ലാലുവിന് അഞ്ച് വർഷം തടവും 60 ലക്ഷം രൂപ പിഴയും വിധിച്ചത്.

Related Articles

Latest Articles