Sunday, April 28, 2024
spot_img

വാക്കുകൾ കിട്ടാതെ വികാരനിർഭരനായി പ്രധാനമന്ത്രി; ‘നിങ്ങളുടെ ധീരതയെ, സമർപ്പണത്തെ, അറിവിനെ സ്മരിക്കുന്നു’; നമ്മുടെ ദേശീയ പ്രൗഢി ചന്ദ്രനോളം ഉയർന്നെന്ന് മോദി

ബെം​ഗളൂരു: ചന്ദ്രയാൻ-3 ദൗത്യത്തിന് പിന്നിലെ ഐഎസ്ആർഒ ശാസ്ത്രജ്ഞരുടെ സംഘത്തെ നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി ട്രാക്കിംഗ് & കമാൻഡ് നെറ്റ്‌വർക്ക് മിഷൻ കൺട്രോൾ കോംപ്ലക്‌സിൽ ദൗത്യത്തിന്റെ വിജയത്തെക്കുറിച്ച് ടീമിനെ അഭിസംബോധന ചെയ്യുന്നതിനിടെ വാക്കുകൾ കിട്ടാതെ വികാരനിർഭരനായി പ്രധാനമന്ത്രി.

‘ഞാൻ ഗ്രീസിലും ദക്ഷിണാഫ്രിക്കയിലുമായിരുന്നു. എന്നാൽ എന്റെ മനസ്സ് നിങ്ങൾക്കൊപ്പമായിരുന്നു. ഇന്ത്യ ചന്ദ്രനോളമെത്തി, നമ്മുടെ ദേശീയ പ്രൗഢി ചന്ദ്രനോളം ഉയർന്നു. ലോകത്ത് ശാസ്ത്രത്തിലും ഭാവിയിലും വിശ്വസിക്കുന്ന എല്ലാ മനുഷ്യരും ഇന്ത്യയുടെ നേട്ടത്തിൽ സന്തോഷിക്കും. ഇത് വെറും നേട്ടമല്ല, ബഹിരാകാശത്ത് ഇന്ത്യയുടെ ശംഖനാദമാണ്. രാജ്യം ആഘോഷാരവം മുഴക്കിയ നിമിഷം എങ്ങനെ മറക്കും. ഒരോ ഇന്ത്യക്കാരനും സ്വന്തം നേട്ടം പോലെ ഇത് ആഘോഷിച്ചു. ദക്ഷിണ ദ്രുവത്തിന്‍റെ ചിത്രം ലോകത്തില്‍ ആദ്യം എത്തിച്ചത് ഇന്ത്യയാണ്’ എന്ന മോദി പറഞ്ഞു. ഇന്ത്യന്‍ വനിതാ ശാസ്ത്രജ്ഞരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

ലോകത്തിന്റെ എല്ലാ കോണും ഇന്ത്യയുടെ ശാസ്ത്രനേട്ടത്തിൽ അഭിമാനിക്കുന്നു. ഈ അഭിമാന നിമിഷത്തിന്റെ സന്തോഷം രാജ്യത്തില്ലെങ്കിൽ പോലും എനിക്ക് നിയന്ത്രിക്കാനായില്ല. എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സന്തോഷം പങ്കിടാനായാണ് ഇവിടെ എത്തിയിരിക്കുന്നത് എന്ന് ബെം​ഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം പ്രധാനമന്ത്രി ജനങ്ങളോട് പറഞ്ഞിരുന്നു.

Related Articles

Latest Articles