Friday, May 10, 2024
spot_img

ഇന്ന് ജൂലൈ 18, അന്താരാഷ്ട്ര നെൽസൺ മണ്ടേല ദിനം

ജൂലൈ 18, മുന്‍ ആഫ്രിക്കന്‍ പ്രസിഡന്‍റ് നെല്‍സണ്‍ മണ്ടേലയുടെ 104മത് ജന്മദിനം. മനുഷ്യാവകാശപ്പോരാട്ടങ്ങളുടെയും സ്വാതന്ത്ര്യസമരങ്ങളുടെയും എക്കാലത്തെയും വലിയ പ്രതീകമായാണ് നെൽസൺ മണ്ടേലയെ ലോകം നോക്കിക്കാണുന്നത്.

ദക്ഷിണാഫ്രിക്കയിലെ വെളളക്കാരുടെ സാമ്രാജ്യത്വ ഭരണത്തിനെതിരെ പോരാടിയ അദ്ദേഹത്തിന് 27 വര്‍ഷമാണ് ജയിലറകള്‍ക്കുള്ളില്‍ കഴിയേണ്ടിവന്നത്. ദക്ഷിണാഫ്രിക്കന്‍ സ്വാതന്ത്രസമര വിജയത്തെ തുടര്‍ന്ന് 1994 ല്‍ അദ്ദേഹം ദക്ഷിണാഫ്രിക്കയുടെ ആദ്യ പ്രസിഡന്‍റായി ചുമതലയേറ്റു. 1993 ല്‍ സമാധാനത്തിനുളള നോബേല്‍ സമ്മാനം ലഭിച്ച അദ്ദേഹത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്ന നല്‍കി ഇന്ത്യയും ആദരിച്ചിട്ടുണ്ട്.

അടിസ്ഥാന മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ട ദക്ഷിണാഫ്രിക്കയിലെ കറുത്ത വർഗത്തിന് സ്വാതന്ത്ര്യത്തിന്റേതായ സ്വപ്നങ്ങൾ പകർന്ന് വിവേചനത്തിന്റെ ചങ്ങലക്കെട്ടുകൾ പൊട്ടിക്കാൻ അവർക്ക് ഊർജം നൽകി അദ്ദേഹം നടത്തിയ രാഷ്ട്രീയ ഇടപെടലുകളിൽ ആവേശം കൊള്ളാത്തവർ കുറവായിരിക്കും. എല്ലാ ദക്ഷിണാഫ്രിക്കക്കാർക്കും പൗരത്വം എന്ന ആവശ്യം ഉന്നയിച്ച് മണ്ടേല നടത്തിയ പോരാട്ടങ്ങൾക്ക് അദ്ദേഹത്തിന് ലഭിച്ച പ്രതിഫലം 27 വർഷത്തെ തടവറവാസമായിരുന്നു.

1918 ജൂലൈ 18 ന് തൊമ്പു ഗോത്രത്തിലെ രാജ കുടുംബത്തില്‍ ജനിച്ച അദ്ദേഹം. ഫോര്‍ട്ട് ഹെയര്‍ സര്‍വ്വകലാശാലയിലും വിറ്റവാട്ടര്‍സ്രാന്റ് സര്‍വ്വകലാശാലയിലുമായി നിയമപഠനം പൂര്‍ത്തിയാക്കി. പഠനശേഷം സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയായി. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശം. ലോകത്തെ വര്‍ണ്ണവിവേചന രഹിത പോരാട്ടങ്ങളുടെ പ്രതീകമായിരുന്ന വിന്നി മണ്ടേല നെല്‍സണ്‍ മണ്ടേലയുടെ ആദ്യ ഭാര്യയായിരുന്നു. നെല്‍സണ്‍ മണ്ടേല ജയിലിലായിരുന്ന നീണ്ട 27 വര്‍ഷവും ദക്ഷിണാഫ്രിക്കന്‍ വിമോചന പോരാട്ടങ്ങളെ നയിച്ചത് വിന്നിയായിരുന്നു. അതുകൊണ്ട് തന്നെ ദക്ഷിണാഫ്രിക്കയിൽ വർണവെറിക്കെതിരെ പോരാടിയ കരുത്തയായ നേതാവ് വിന്നിയെ ജീവിതസഖിയായി ലഭിച്ചത് മണ്ടേലയുടെ വിപ്ലവവീര്യത്തിന് ഊർജം പകർന്നു.

1994ൽ പൂർണമായി ജനാധിപത്യരീതിയിൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ദക്ഷിണാഫ്രിക്കൻ ജനത തങ്ങളുടെ ആരാധ്യപുരുഷനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ദക്ഷിണാഫ്രിക്കയിലെ ആദ്യ കറുത്ത വംശജനായ പ്രസിഡന്റായി മണ്ടേല തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അത് ചരിത്രത്തിലെ കാവ്യനീതിയായി. 1994 മുതൽ 1999 വരെ ദക്ഷിണാഫ്രിക്കയുടെ പ്രസിഡണ്ടായിരുന്നു മണ്ടേല. സാമ്രാജ്യത്വ ശക്തികളടക്കം ലോകരാജ്യങ്ങളെല്ലാം ഒരേമനസോടെ നെൽസൺ മണ്ടേല എന്ന വിപ്ലവനേതാവിനെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന അപൂർവകാഴ്ചയ്ക്കും നമ്മൾ സാക്ഷ്യം വഹിച്ചു.

ലോങ് വോക് റ്റു ഫ്രീഡം എന്നാണ് അദ്ദേഹത്തിന്റെ ആത്മകഥയുടെ പേര്.
‘ദാരിദ്ര്യവും അനീതിയും അസമത്വവും ലോകത്ത് നിലനിൽക്കുന്നിടത്തോളം കാലം നമുക്കാർക്കും യഥാർത്ഥ വിശ്രമം ലഭിക്കില്ല ‘ എന്ന മണ്ടേലയുടെ വാക്കുകൾ പുരോഗമനാഭിമുഖ്യമുള്ള ലോകജനതയുടെ ആപ്തവാക്യമാണ്. 2013 ഡിസംബര്‍ അഞ്ചിന് ജോഹനാസ്ബര്‍ഗിലെ സ്വവസതിയില്‍ വെച്ചാണ് നെല്‍സണ്‍ മണ്ടേല അന്തരിച്ചത്. ലോകജനതയുടെ സ്വാതന്ത്രത്തിനായി പോരാടിയ മണ്ടേലയുടെ പ്രയത്നങ്ങളെ ആദരിക്കാനായി അദ്ദേഹത്തിന്‍റെ ജന്മദിനമായ ജൂലൈ 18, യുഎന്‍ നെല്‍സണ്‍ മണ്ടേല ദിനമായി ആചരിക്കുന്നു.

Related Articles

Latest Articles