Friday, October 16, 2026

കേരള സ്റ്റൈലിൽ ടോം ഹോളണ്ട്-സെൻഡയ വിവാഹം; തൂശനിലയിൽ സദ്യ കഴിച്ച് സൂപ്പർഹീറോസ്, എഐ വീഡിയോ വൈറൽ

ഹോളിവുഡ് താരങ്ങളായ ടോം ഹോളണ്ടിനെയും സെൻഡയയെയും കേരളത്തിന്റെ പരമ്പരാഗത വിവാഹവേഷത്തിൽ അവതരിപ്പിച്ച എഐ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇൻസ്റ്റഗ്രാമിലെ ihafix എന്ന ക്രിയേറ്റർ തയ്യാറാക്കിയ 46 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ, 1990-കളിലെ ഒരു മലയാളി കല്യാണവീട്ടിലെ അന്തരീക്ഷം പുനരാവിഷ്‌കരിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.

ചുവന്ന സാരിയും മുടിയിൽ മുല്ലപ്പൂവും അണിഞ്ഞ് നാണത്തോടെ ഇരിക്കുന്ന സെൻഡയയും വെള്ള ഷർട്ടും മുണ്ടും ധരിച്ച ടോം ഹോളണ്ടും വീഡിയോയിലെ പ്രധാന ആകർഷണമാണ്. കേരളീയ വിവാഹത്തിന്റെ എല്ലാ ചേരുവകളും ഉൾപ്പെടുത്തി ഒരുക്കിയ വീഡിയോയിൽ മാർവൽ ലോകത്തെ നിരവധി കഥാപാത്രങ്ങളെയും രസകരമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

അതിഥികളെ സ്വീകരിക്കുന്ന കാരണവർ സ്ഥാനത്ത് ടോണി സ്റ്റാർക്ക് (അയൺ മാൻ) എത്തുമ്പോൾ, വോൾവറിൻ സദ്യ വിളമ്പുന്ന രംഗങ്ങളാണ് ശ്രദ്ധേയമാകുന്നത്. ബ്രൂസ് ബാനർ (ഹൾക്ക്) സദ്യയുടെ മേൽനോട്ടം വഹിക്കുന്നതായും കാണാം. അതേസമയം, ഡോക്ടർ ഒക്ടോപസ്, ഇലക്ട്രോ, ഗ്രീൻ ഗോബ്ലിൻ തുടങ്ങിയ വില്ലൻ കഥാപാത്രങ്ങൾ ഉപ്പേരി കഴിച്ചും ചായ കുടിച്ചും കല്യാണ ആഘോഷത്തിൽ പങ്കെടുക്കുന്നതും വീഡിയോയ്ക്ക് കൂടുതൽ കൗതുകം പകരുന്നു.

വധുവിന്റെ തലയിൽ ചൂടാനുള്ള മുല്ലപ്പൂ ഒരുക്കുന്നവരായി മുൻ സ്പൈഡർമാൻ താരങ്ങളായ ടോബി മഗ്വെയറും ആൻഡ്രൂ ഗാർഫീൽഡും പ്രത്യക്ഷപ്പെടുന്നു. മേരി ജെയ്നും ഗ്വെൻ സ്റ്റേസിയും ഇവർക്കൊപ്പമുണ്ട്.

ടോം ഹോളണ്ടും സെൻഡയയും വിവാഹിതരായെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് ഈ വീഡിയോ വൈറലായത്. സെൻഡയയുടെ ഫാഷൻ സ്റ്റൈലിസ്റ്റായ ലോ റോച്ച് ഒരു റെഡ് കാർപെറ്റ് അഭിമുഖത്തിൽ നടത്തിയ പരാമർശമാണ് വിവാഹവാർത്തകൾക്ക് വീണ്ടും ചൂടുപിടിപ്പിച്ചത്. തുടർന്ന് ‘ഒഡീസി’, ‘സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ’ എന്നീ ചിത്രങ്ങളുടെ പ്രമോഷൻ പരിപാടികളിലും ഇരുവരും നടത്തിയ ചില പ്രതികരണങ്ങൾ ആരാധകർക്കിടയിൽ കൂടുതൽ ചർച്ചകൾക്ക് വഴിവെച്ചു.

‘സ്പൈഡർ-മാൻ: ഹോംകമിംഗ്’ ചിത്രത്തിന്റെ സെറ്റിലാണ് ടോം ഹോളണ്ടും സെൻഡയയും ആദ്യമായി കണ്ടുമുട്ടിയത്. പിന്നീട് സൗഹൃദം പ്രണയമായി വളർന്ന ഇരുവരും 2021-ലാണ് തങ്ങളുടെ ബന്ധം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

അതേസമയം, ടോം ഹോളണ്ടും സെൻഡയയും പ്രധാന വേഷങ്ങളിലെത്തിയ ഏറ്റവും പുതിയ മാർവൽ ചിത്രം ‘സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ’ ആഗോള ബോക്സ് ഓഫീസിൽ മികച്ച പ്രകടനം തുടരുകയാണ്. റിലീസ് ചെയ്ത് ആറു ദിവസത്തിനുള്ളിൽ ചിത്രം ഒരു ബില്യൺ ഡോളർ കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ഏറ്റവും വേഗത്തിൽ ഒരു ബില്യൺ ഡോളർ ക്ലബ്ബിലെത്തുന്ന ചിത്രങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനവും ചിത്രം സ്വന്തമാക്കി. 2019-ൽ പുറത്തിറങ്ങിയ ‘അവഞ്ചേഴ്സ്: എൻഡ്ഗെയിം’ ആണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.

Related Articles

Latest Articles