ടോവിനോ തോമസിനെ നായകനാക്കി ആഷ്ഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നാരദന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. മായാനദിയുടേയും വൈറസിന്റേയും വിജയത്തിനു ശേഷം ടൊവിനോയും ആഷിഖ് അബുവും ഒന്നിക്കുന്ന ചിത്രമാണിത്. ഒരു കൂട്ടം പഴയ ടെലിവിഷന്‍ സെറ്റുകളില്‍ ഒരു കൊളാഷ് കണക്കെയാണ് നായകന്‍റെ മുഖം ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ തെളിയുന്നത്. സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയൊരുക്കിയ ചിത്രമാണ് നാരദൻ.
ചിത്രം 2022 ജനുവരി 27ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നും പോസ്റ്ററിൽ വ്യക്തമാക്കിയിട്ടുണ്ട്. അന്ന ബെൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഉണ്ണി.ആർ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഷറഫുദ്ദീൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, വിജയരാഘവൻ, ജോയ് മാത്യു, രഞ്ജി പണിക്കർ, രഘുനാഥ് പലേരി, ജയരാജ് വാര്യർ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ജാഫർ സാദിഖ് ആണ് ക്യാമറ, സൈജു ശ്രീധരനാണ് എഡിറ്റിംഗ്. സംഗീത സംവിധാനം ഡി.ജെ ശേഖർ മേനോനും ഒർജിനൽ സൗണ്ട് ട്രാക്ക് നേഹയും യാക്‌സൺ പെരേരയുമാണ് ഒരുക്കിയിരിക്കുന്നത്. ആർട്ട് ഗോകുൽ ദാസ്.

