ദില്ലി: സമൂഹ മാധ്യമങ്ങളിലൂടെ ത്രിപുര സംഘർഷവുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് ഹൈക്കോടതി(Tripura High Court). നവംബർ പത്തിനകം ഇതുമായി ബന്ധപ്പെട്ട് മറുപടി നൽകണമെന്നും കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് ഇന്ദ്രജിത്ത് മഹന്തി, ജസ്റ്റിസ് സുഭാഷിഷ് തലപാത്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.
വർഗീയ സംഘർഷം വ്യാപിക്കുന്നതിനെതിരെ നടപടി വേണമെന്നാണ് കോടതിയുടെ നിർദേശം. അക്രമത്തിന് നേതൃത്വം നൽകിയവർക്കും ഗൂഢാലോചന നടത്തിയവർക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്നും രണ്ടംഗ ബെഞ്ച് ആവശ്യപ്പെട്ടു.
വ്യാജമോ കെട്ടിച്ചമച്ചതോ ആയ വാർത്തകൾ ദൃശ്യങ്ങൾ വഴിയോ മറ്റ് എതെങ്കിവും രീതിയിൽ സമൂഹമദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച് വർഗീയ കലാപത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള സംഭവങ്ങളിൽ സംസ്ഥാന സർക്കാരിനുള്ള ആശങ്ക കോടതി പരിഗണിച്ചു. ഇത്തരം ലേഖനങ്ങളും ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്ന സാമൂഹിക മാധ്യമങ്ങൾക്കെതിരെ നടപടിയെടുക്കാനും കോടതി ആവശ്യപ്പെട്ടു.

