Monday, April 29, 2024
spot_img

കോർപ്പറേഷനിലെ നികുതി തട്ടിപ്പിന്റെ ആഴം ഏറുന്നു ; തിരുവനന്തപുരം മേയറുടെ ഉറപ്പും സംശയത്തിൽ; നിയമ പോരാട്ടത്തിനൊരുങ്ങി ജനങ്ങൾ

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതി തട്ടിപ്പില്‍ ജനങ്ങളുടെ ആശങ്ക വളരെയധികം വർധിക്കുന്നു. ജനങ്ങൾ നേരിട്ട് നികുതി അടച്ചതിന്റെ വിവരങ്ങള്‍ കോര്‍പ്പറേഷന്റെ അദാലത്തില്‍ പോലും രേഖപ്പെടുത്തിയിട്ടില്ല എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

ഇതോടെ വീണ്ടും നികുതി അടയ്ക്കേണ്ടിവരുമോയെന്ന ആശങ്കയിലാണ് നൂറുകണക്കിന് ആളുകൾ. ജനങ്ങളുടെ പണം നഷ്ടമാകില്ലെന്ന മേയറുടെ ഉറപ്പ് സംശയത്തിലായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം നടന്ന കൗണ്‍സില്‍ യോഗത്തില്‍ നഗരസഭയിലെ പല സോണല്‍ ഓഫീസുകളിലും ഉദ്യോഗസ്ഥര്‍ നികുതിപ്പണം തട്ടിയെടുത്തെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ സ്ഥിരീകരിച്ചിരുന്നു.

മാത്രമല്ല തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ അഞ്ച് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും മേയര്‍ അറിയിച്ചു.

ശ്രീകാര്യം സോണിലെ കാഷ്യര്‍ അനില്‍കുമാര്‍, ഓഫീസ് അസിസ്റ്റന്റ് ബിജു, നേമം സോണിലെ കാഷ്യര്‍ എസ്.സ്മിത, സുപ്രണ്ട് ശാന്തി, ആറ്റിപ്ര സോണിലെ ജോര്‍ജ്കു‌ട്ടി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ശ്രീകാര്യം സോണിലെ അന്നത്തെ ചാര്‍ജ് ഓഫീസറും ഇപ്പോള്‍ കൊല്ലം നഗരസഭയിലെ ജീവനക്കാരിയുമായ ലളിതാംബികയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും റിപ്പോർട്ടുണ്ട്.

തിരുവനന്തപുരം കോർപ്പറേഷന്റെ ഉള്ളൂർ സോണൽ ഓഫീസ് കഴിഞ്ഞമാസം നടത്തിയ അദാലത്തിലെത്തിയാണ് ശ്രീകാര്യം അമ്പാടിനഗറിൽ താമസിക്കുന്ന സുരേഷ്കുമാർ 2,132 വീട്ടകരം അടച്ചത്. എന്നാൽ, മാസം ഒന്ന് കഴിയുമ്പോഴും സഞ്ചയ പോർട്ടലിൽ പണം അടച്ചതിന്റെ വിവരങ്ങളില്ല. അടച്ച പണം കുടിശികയായിട്ടാണ് കാണിക്കുന്നതും.

തുടർന്ന് കൂടുതൽ പരിശോധനയിൽ ഇതേ ആശങ്ക പങ്കുവയ്ക്കുന്ന ഒരുപാട് പേരുണ്ടായിരുന്നു അവിടെ. അദാലത്തിൽ പങ്കെടുത്ത് 12000 രൂപ കരമടച്ച മറ്റൊരു വ്യക്തിയായ പിയൂഷ് പരാതിയുമായി കോർപ്പറേഷനെ സമീപിക്കാനൊരുങ്ങുകയാണ്.

ബിൽ കളക്ടർമാരുടെ പിരിച്ച 35 ലക്ഷം രൂപയുടെ സോണൽ ഓഫീസുകളിലെ ഉദ്യോഗസ്ഥർ വെട്ടിച്ചെന്നാണ് കണ്ടെത്തിയത് . എന്നാൽ, അദാലത്തിൽ ഒടുക്കിയ തുക പോലും രേഖകൾ ഇടം നേടിയിട്ടില്ലെന്ന് വ്യക്തമാകുന്നതോടെ കോർപ്പറേഷനിലെ നികുതി വെട്ടിപ്പിന്റെ ആഴമേറുകയാണ്.

എന്നാൽ അടച്ച ബില്ലുകൾ കൈവശമുള്ളത് കൊണ്ട് സുരേഷിനും പിയൂഷിനും കോർപ്പറേഷനെതിരെ നിയമപോരാട്ടം നടത്താനെങ്കിലുമാകും. എന്നാൽ, പണം അടച്ച് ബിൽ നഷ്ടപ്പെട്ടുപോയവരുടെ കാര്യം അവതാളത്തിലാകും.

Related Articles

Latest Articles