Friday, May 17, 2024
spot_img

കാനഡയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രധാനമന്ത്രി ട്രൂഡോ ; ജനങ്ങളും തള്ളിപ്പറയുന്നു !

ഖാലിസ്ഥാൻ വിഷയത്തിൽ ഇന്ത്യയുമായി കൊമ്പുകോർത്ത കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് സ്വന്തം നാട്ടിലെ ജനപ്രീതിയിൽ വൻ ഇടിവ് നേരിടുന്നതായി റിപ്പോർട്ട്. ഏറ്റവും ഒടുവിൽ നടന്ന സർവ്വെയിൽ കാനഡയിൽ ഇന്ന് തിരഞ്ഞെടുപ്പ് നടന്നാലും ട്രൂഡോയ്ക്ക് കസേര നഷ്ടമാകുമെന്നാണ് വെളിപ്പെടുന്നത്. കാനഡയിലെ ഗ്ലോബൽ ന്യൂസാണ് സർവ്വെ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. കാനഡയിലെ 40 ശതമാനം പേരും കൺസർവേറ്റീവ് നേതാവ് പിയറി പൊയ്‌ലീവ്‌റെ പ്രധാനമന്ത്രിയാകണമെന്നാണ് ഇപ്പോൾ ആഗ്രഹിക്കുന്നതെന്ന് സർവ്വെ വ്യക്തമാക്കുന്നു. ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ പിയറി പൊയ്‌ലീവ്‌റെയെ പിന്തുണയ്ക്കുമെന്നാണ് 40 ശതമാനം കനേഡിയൻ പൗരൻമാരും പറയുന്നത്. അതേസമയം, ജസ്റ്റിൻ ട്രൂഡോയ്ക്ക് 30 ശതമാനം മാത്രമാണ് പിന്തുണ. 2015 ലാണ് ലിബറൽ പാർട്ടിയെ നയിച്ച് ജസ്റ്റിൻ ട്രൂഡോ അധികാരത്തിലെത്തിയത്.

2025 ലാണ് കാനഡയിൽ തിരഞ്ഞെടുപ്പ് ഇനി നടക്കാനിരിക്കുന്നത്. അതേസമയം, ജൂലൈയിൽ നടന്ന മറ്റൊരു സർവ്വെയിലും ട്രൂഡോയ്‌ക്കെതിരായ ജനരോഷം വ്യക്തമായിരുന്നു. അൻപത് വർഷത്തിലധികമായി കാനഡയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രധാനമന്ത്രിയായി പോലും ജസ്റ്റിൻ ട്രൂഡോയെ ഇതിൽ മുദ്രകുത്തിയിരുന്നു. അതേസമയം, അന്താരാഷ്ട്ര ഭീകരവാദം ചെറുക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് പ്രസ്താവിച്ചുകൊണ്ട് ക്വാഡ് രാഷ്ട്രങ്ങളും രംഗത്തെത്തിയിരിക്കുകയാണ്. ന്യൂയോർക്കിൽ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിന് ശേഷമാണ് ഇന്ത്യയെ പിന്തുണച്ചും കാനഡയെ പരോക്ഷമായി വിമർശിച്ചു കൊണ്ടും ക്വാഡ് രാഷ്ട്രങ്ങൾ രംഗത്തെത്തിയിരിക്കുന്നത്. ഭീകരർക്ക് മറ്റ് രാജ്യങ്ങൾ ഒളിത്താവളങ്ങൾ നൽകുന്നതും ഭീകരപ്രവർത്തനങ്ങൾക്ക് ആവശ്യമായ സാമ്പത്തിക സഹായങ്ങൾ എത്തിക്കുന്ന ശൃംഖല രൂപപ്പെടുന്നത് തടയാൻ ആവശ്യമായ നടപടികൾ തുടരണമെന്നും അംഗരാഷ്ട്രങ്ങൾ വ്യക്തമാക്കി.

അതേസമയം, അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ക്വാഡ് സഖ്യത്തിലുള്ളത്. ഖാലിസ്ഥാൻ ഭീകരർക്കെതിരെ കാനഡ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ഇന്ത്യയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ക്വാഡ് രാഷ്ട്രങ്ങളുടെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. ഇന്ത്യയ്‌ക്കെതിരെ ഉയർത്തിയ ആരോപണങ്ങൾക്ക് പിന്നാലെ മറ്റ് രാജ്യങ്ങളിൽ നിന്ന് പിന്തുണ തേടാൻ ശ്രമിച്ചെങ്കിലും ജസ്റ്റിൻ ട്രൂഡോയ്ക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്. ഭരണം നിലനിർത്താനുള്ള ആഭ്യന്തര സമ്മർദ്ദമാണ് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ ഇന്ത്യക്കെതിരെ തിരിയാൻ പ്രേരിപ്പിച്ചതെന്ന് വിലയിരുത്തൽ. അതേസമയം, ഖാലിസ്ഥാൻ അനുകൂലി ഹർദ്ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജൻസികളുടെ ബന്ധം അന്വേഷിക്കുകയാണെന്ന ട്രൂഡോയുടെ ആരോപണത്തോടെയാണ് ഇരുരാജ്യങ്ങളുടെയും നയതന്ത്ര ബന്ധം വഷളായത്. രണ്ടാഴ്ച മുൻപ് ജി 20 യിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയ ട്രൂഡോയുമായി നടത്തിയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഖാലിസ്ഥാൻ അനുകൂലികളെ സംരക്ഷിക്കുന്നതിലും കാനഡയിൽ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേദിയൊരുക്കുന്നതിലും അതൃപ്തി അറിയിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യമെന്ന വാദം നിരത്തിയാണ് ട്രൂഡോ ഖാലിസ്ഥാന്റെ വിധ്വംസക പ്രവർത്തനങ്ങളെ ന്യായീകരിക്കുന്നത്. അത് എന്തായാലും ട്രൂഡോയ്ക്ക് കനത്ത തിരിച്ചടിയാണ് ഇപ്പോൾ നൽകുന്നത്.

Related Articles

Latest Articles