Thursday, May 2, 2024
spot_img

നാഗ്പൂരില്‍ കനത്ത മഴ; നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി; രക്ഷാപ്രവര്‍ത്തനത്തിനായി കേന്ദ്രസേനയെ വിന്യസിച്ചു

നാഗ്പൂരില്‍ കനത്ത മഴ തുടരുന്നു. നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് നാഗ്പൂര്‍ വിമാനത്താവളത്തില്‍ രാവിലെ 5.30 വരെ 106 മില്ലിമീറ്റര്‍ മഴ ലഭിച്ചു. നിരവധി റോഡുകളും ജനവാസ കേന്ദ്രങ്ങളും വെള്ളത്തിനടിയിലായതായി അധികൃതര്‍ പറഞ്ഞു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

നഗരത്തിലെ മഴക്കെടുതി തുടര്‍ച്ചയായി നിരീക്ഷിച്ചുവരികയാണെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എക്സില്‍ കുറിച്ചു. ‘ഇടവിടാതെ പെയ്യുന്ന മഴ കാരണം അംബസാരി തടാകം കരകവിഞ്ഞൊഴുകുകയാണ്. ചുറ്റുപാടുമുള്ള താഴ്ന്ന പ്രദേശങ്ങളെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. നഗരത്തിന്റെ മറ്റ് ഭാഗങ്ങളെയും ബാധിച്ചിട്ടുണ്ട്’ എന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.

പ്രദേശത്ത് കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷപ്പെടുത്താന്‍ ഒന്നിലധികം ടീമുകളെ ഉടന്‍ സജീവമാക്കണമെന്ന് നാഗ്പൂര്‍ കളക്ടര്‍, മുനിസിപ്പല്‍ കമ്മീഷണര്‍, പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് ഉപമുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും ടീമുകളെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

Related Articles

Latest Articles