Thursday, May 2, 2024
spot_img

ജപ്പാന് പിന്നാലെ റഷ്യയിലും ഉത്തര കൊറിയയിലും സുനാമി മുന്നറിയിപ്പ് ! മധ്യജപ്പാനിലെ തീരപ്രദേശത്ത് ഒന്നര മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 21 തുടർ ഭൂചലനങ്ങൾ !

ടോക്കിയോ : ജപ്പാന് പിന്നാലെ റഷ്യയിലും ഉത്തര കൊറിയയിലും സുനാമി മുന്നറിയിപ്പ്. കിഴക്കൻ തീരങ്ങളിൽ രണ്ടരമീറ്ററിലേറെ ഉയരത്തിൽ തിരമാലകൾക്ക് സാധ്യത യുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങൾ നൽകിയ മുന്നറിയിപ്പ്. അതേസമയം മധ്യജപ്പാനിലെ തീരപ്രദേശത്ത് ഒന്നര മണിക്കൂറിനിടെ 21 തുടർ ഭൂചലനങ്ങൾ ഉണ്ടായതായി ദേശീയ കാലാവസ്ഥ നിരീക്ഷണ ഏജന്‍സി അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 4.0 മുതല്‍ 7.6 വരെ രേഖപ്പെടുത്തിയ തുടര്‍ച്ചയായ ഭൂചലനങ്ങളാണുണ്ടായത്

ടോയാമ, ഇഷികാവ, നിഗറ്റ എന്നീ പ്രദേശങ്ങളെയാണ് ഭൂചലനം കാര്യമായി ബാധിച്ചത്. ജപ്പാനിലെ പ്രധാന ദ്വീപായ ഹോണ്‍ഷുവിന്റെ പടിഞ്ഞാറന്‍ തീരത്തുള്ള പ്രദേശങ്ങളാണിവ. പ്രഭവകേന്ദ്രത്തിന് ചുറ്റുമുള്ള 33,500 വീടുകളില്‍ വൈദ്യുതി ബന്ധം തടസപ്പെട്ടിട്ടുണ്ട്. പടിഞ്ഞാറൻ തീരങ്ങളിൽ നിന്ന് ഇതിനോടകം ജനങ്ങൾ പലായനം ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്

പ്രദേശത്തെ ആണവനിലയങ്ങളെ ഭൂചലനം ബാധിച്ചതായി റിപ്പോര്‍ട്ടില്ലെന്ന് ജപ്പാന്‍ സര്‍ക്കാര്‍ വക്താവ് യോഷിമാസ ഹയാഷി അറിയിച്ചു. ഭൂചലനത്തില്‍ ആളപായങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വാജിമ പ്രദേശത്ത് നിലത്ത് വിള്ളലുണ്ടായതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.പ്രദേശത്തെ ബുള്ളറ്റ് ട്രെയിൻ സർവീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

Related Articles

Latest Articles