Tuesday, April 23, 2024
spot_img

ആരോഗ്യം സംരക്ഷിക്കാം… അല്പം മഞ്ഞൾ കൊണ്ട്‌

ഹെപ്പറ്റൈറ്റിസ് ചികിത്സയില്‍ മഞ്ഞള്‍ ഫലപ്രദമാണെന്ന് ചില പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കര്‍ക്യുമിന്‍ എന്ന രാസവസ്തുവിന് കരള്‍ കോശങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ കഴിയും. മദ്യപാനം മൂലമോ മരുന്നുകളുടെ അമിത ഉപയോഗം കാരണമോ കരള്‍ രോഗം ബാധിച്ചവരില്‍ ഇത് വളരെ ഫലപ്രദമാണ്.

തിളപ്പിച്ച വെള്ളത്തില്‍ കലക്കി തണുപ്പിച്ചോ ജ്യൂസാക്കിയോ മഞ്ഞള്‍ കുടിക്കുക. ആഹാരത്തില്‍ മഞ്ഞള്‍ ഉള്‍പ്പെടുത്തുന്നതും ഗുണം ചെയ്യും. അരച്ച് കുഴമ്പുരൂപത്തിലാക്കിയും എണ്ണയായും ഓയിന്റ്‌മെന്റായും മഞ്ഞള്‍ പുറത്ത് പുരട്ടാവുന്നതാണ്. സോറിയാസിസ്, മുറിവുകള്‍, വ്രണങ്ങള്‍ എന്നിവയില്‍ കുഴമ്പുരൂപത്തിലാക്കിയ മഞ്ഞള്‍ പുരട്ടിയാല്‍ ശമനം ലഭിക്കും. മഞ്ഞള്‍ വെള്ളം ചേര്‍ത്ത് മിക്‌സിയില്‍ അടിച്ച് ജ്യൂസ് എടുക്കുക. സൈനസ്, ചെവി വേദന എന്നിവയ്ക്ക് മഞ്ഞള്‍ ജ്യൂസ് നല്ലതാണ്.


അല്‍ഷിമേഴ്‌സിന്റെ ചികിത്സയില്‍ കര്‍ക്യുമിന്‍ ഫലപ്രദമാണെന്ന് അടുത്തിടെ കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ നടന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇത് ബീറ്റ അമലോയ്ഡുകള്‍ അടിഞ്ഞുകൂടുന്നത് തടയുകയും അല്‍ഷിമേഴ്‌സ് രോഗികളുടെ തലച്ചോറില്‍ കാണുന്ന നിക്ഷേപങ്ങളെ വിഘടിപ്പിക്കുകയും ചെയ്യും. പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ക്കും മഞ്ഞള്‍ ഗുണകരമാണ്. സിസ്റ്റിക് ഫൈബ്രോയ്ഡ്‌സ്, അള്‍സെറേറ്റീവ് കൊളൈറ്റിസ് എന്നീ രോഗങ്ങളുടെ ചികിത്സയിലും മഞ്ഞള്‍ ഫലപ്രദമായി ഉപയോഗിക്കാമെന്ന് ഗവേഷകര്‍ പറയുന്നു.


വാതം, ആര്‍ത്രൈറ്റിസ് എന്നിവ മൂലം കഷ്ടപ്പെടുന്ന രോഗികള്‍ക്ക് വേദനയില്‍ നിന്ന് ആശ്വാസം നല്‍കാനും മഞ്ഞളിന് കഴിയും. സ്തനാര്‍ബുദ ചികിത്സയിലും മഞ്ഞള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. വീട്ടില്‍ ചെയ്യാവുന്ന ചികിത്സകളിലും സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലും മഞ്ഞള്‍ സ്ഥിരം സാന്നിധ്യമായത് ഇത്തരം ഔഷധ ഗുണങ്ങള്‍ കൊണ്ടുകൂടിയാണ്.
മഞ്ഞള്‍ അരച്ചുപുരട്ടിയാല്‍ അനാവശ്യ രോമങ്ങള്‍ നീക്കാന്‍ കഴിയും. ഇത് മുഖകാന്തി വര്‍ദ്ധിപ്പിക്കുകയും അപകടകാരികളായ ബാക്ടീരിയകളെ ശരീരത്തില്‍ നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യും.


മഞ്ഞള്‍ ആഹാരത്തില്‍ ചേര്‍ക്കുന്നത് പതിവാക്കുക. മഞ്ഞള്‍ പൊടി രൂപത്തില്‍ ലഭ്യമാണ്. ഇത് ഹെര്‍ബല്‍ ചായകളില്‍ ചേര്‍ത്ത് കുടിക്കുകന്നതും തേനിലോ ചൂടുവെള്ളത്തിലോ കലക്കി കുടിക്കുന്നതും ഉദരസംബന്ധമായ രോഗങ്ങളില്‍ നിന്ന് ആശ്വാസം പകരും. ദ്രവരൂപത്തില്‍ കര്‍ക്യുമിന്‍ വിപണിയില്‍ ലഭ്യമാണ്.
മഞ്ഞളാണോ കര്‍ക്യുമിന്‍ ആണോ ഉപയോഗിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് അളവ് തീരുമാനിക്കേണ്ടത്. മഞ്ഞള്‍പ്പൊടി കാല്‍ മുതല്‍ അരടീസ്പൂണ്‍ വരെ ദിവസവും 2-3 നേരം കഴിക്കാവുന്നതാണ്. 250-500 mg കര്‍ക്യുമിന്‍ ഗുളികകള്‍ ദിവസം മൂന്നുനേരം കഴിക്കുക.
മഞ്ഞള്‍ വളരെ സുരക്ഷിതമാണ്. കാര്യമായ പാര്‍ശ്വഫലങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ഉപയോഗിക്കുക.

Related Articles

Latest Articles