തൃശ്ശൂര്‍: അന്തരിച്ച തങ്ങളുടെ സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി. ബാബുവിന്റെ കടങ്ങൾ അടച്ചുതീർത്ത് ബിഡിജെഎസ് മാതൃകയാകുന്നു. ബാബുവിന്റെ എല്ലാ കടങ്ങളും അടച്ചുതീർത്ത ബിഡിജെഎസ് ബാങ്കിൽ പണയത്തിലിരുന്ന അദ്ദേഹത്തിന്റെ വീടിന്റെ ആധാരവും മറ്റ് രേഖകളും തിരിച്ചെടുത്ത് പത്നിയായ മാലതിക്ക് കൈമാറി. ബാബുവിന്റെ മരണാനന്തരം കുടുംബത്തിന്റെ ബുദ്ധിമുട്ട് മനസിലാക്കിയ പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ബാധ്യത ഒന്നടങ്കം പാര്‍ട്ടി ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ഏപ്രിൽ 9 ന് ആണ് കെപിഎംഎസ് ഉപദേശക സമിതി ചെയർമാൻ കൂടിയായിരുന്ന ടി.വി ബാബു ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. തൃശൂര്‍ താലൂക്കിലെ ഇഞ്ചമുടി വില്ലേജില്‍ മാട്ടുമ്മലില്‍ കര്‍ഷക തൊഴിലാളികളായ തെക്കുംപാടന്‍ വേലായുധന്റേയും തങ്കമണിയുടേയും മൂത്തമകനായ ടി.വി. ബാബു കെപിഎംഎസ് കുറുമ്പിലാവ് ശാഖ സെക്രട്ടറിയായാണ് പൊതുജീവിതം ആരംഭിക്കുന്നത്. പിന്നീട് കെപിഎംഎസ് തൃശൂര്‍ യൂണിയന്‍ സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന അസി.സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന ഉപദേശക സമിതി ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
1995-2005 കാലയളവില്‍ രണ്ട് തവണയായി ചാഴൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായും 2005 മുതല്‍ 2008 വരെ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2015 ല്‍ ബിഡിജെഎസ് രൂപീകരിച്ചപ്പോള്‍ സ്ഥാപക ജനറല്‍ സെക്രട്ടറിയായി. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാട്ടിക നിയോജകമണ്ഡലത്തില്‍ നിന്നും 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ നിന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് മികച്ച പ്രകടനം കാഴ്ച്ച വെച്ചിരുന്നു.

