Thursday, May 2, 2024
spot_img

ക്വറന്റീനിൽ നിന്ന്,ചിലർ ചാടിപ്പോയി.തലസ്ഥാനം ആശങ്കയിൽ

തിരുവനന്തപുരം : ഉറവിടം കണ്ടെത്താനാവാത്ത കോവിഡ് സമ്പർക്ക കേസുകളെ തുടര്‍ന്ന് തിരുവനന്തപുരത്ത് അതീവ ജാഗ്രത. വെള്ളനാട് പഞ്ചായത്തിലെ വാർഡ് നമ്പർ 12 ൽ ഉൾപ്പെടുന്ന വെള്ളനാട് ടൗണും വാർഡ് 13ലെ കണ്ണമ്പള്ളിയും തിരുവനന്തപുരം കോർപ്പറേഷനിലെ പാളയം മാർക്കറ്റിനോട് ചേർന്നുള്ള പ്രദേശങ്ങളും കണ്ടെയിൻമെന്റ് സോണിലായി.

പൂന്തുറ ബീമാ പള്ളി മേഖലകളിലും ഗൗരവമുള്ള സാഹചര്യമാണ്. സാഫല്യം ഷോപ്പിങ് കോംപ്ലക്സും പാളയം മാർക്കറ്റും നേരത്തെ കണ്ടെയിൻമെന്റ് സോണായിരുന്നു. അയ്യങ്കാളി ഹാളും ജൂബിലി മിഷൻ ഹോസ്പിറ്റലിന്റെ പരിസരവുമാണ് പുതുതായി കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തിയത്. ഈ പ്രദേശങ്ങളിലെല്ലാം കനത്ത ജാഗ്രത വേണമെന്നാണ് നഗരസഭയും ജില്ലാ ഭരണകൂടവും പറയുന്നത്.

സാഫല്യം ഷോപ്പിങ് കോംപ്ലക്സിലെ ജീവനക്കാരന് കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനു പുറമെ ഫുഡ് ഡെലിവറി ബോയ്ക്ക് കോവിഡ്‌ സ്ഥിരീകരിച്ചത് വലിയ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ക്വാറന്റീനിലുള്ളവര്‍ക്ക്‌ ഭക്ഷണ വിതരണം നൽകുന്നതിനിടെയാവാം രോഗബാധിതനായതെന്നാണ്‌ അധികൃതരുടെ നിഗമനം.

സമ്പർക്കത്തിലൂടെയുള്ള രോഗങ്ങൾ കൂടുന്നു എന്നതാണ് തലസ്ഥാനത്തെ നിലവിലെ ഏറ്റവും വലിയ ആശങ്ക. കഴിഞ്ഞ ദിവസം 16 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിൽ നാല് പേര്‍ക്ക് സമ്പർക്കത്തിലൂടെയായായിരുന്നു രോഗം വന്നത്. ഇവരുടെ രോഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

പൂന്തുറയിലും ബീമാ പള്ളിയിലും പ്രത്യേക കൺട്രോൾ റൂം തുറന്നു പ്രവർത്തിക്കും. വർക്കലയിൽ നിരീക്ഷണത്തിൽ കഴിഞ്ഞ രണ്ട് പ്രതികൾ ചാടിപ്പോയതും ആശങ്കയുണ്ടാക്കുന്നു. ക്വാറന്റീനിൽ നിന്നാണ് പ്രതികൾ ചാടിപ്പോയത്. രാത്രി കാല പരിശോധനയ്ക്ക് നഗരസഭ പ്രത്യേക സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്.

Related Articles

Latest Articles