Monday, September 21, 2026

വനിത കായിക താരത്തോട് മോശമായി പെരുമാറിയ സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ; പിടിയിലായത് മാനേജിംഗ് കമ്മിറ്റി അംഗം ഉള്‍പ്പടെയുള്ള രണ്ട് പേര്‍

കോട്ടയം: പാലായിൽ ഏഷ്യൻ ഗെയിംസ് മെഡൽ കരസ്ഥമാക്കിയ വനിത കായിക താരത്തോട് മോശമായി പെരുമാറിയ സംഭവത്തില്‍ പ്രതികൾ പിടിയിൽ. പാലാ മുൻസിപ്പൽ സ്റേറഡിയം മാനേജിങ് കമ്മിറ്റി അംഗം സജീവ് കണ്ടത്തിൽ, പ്രകാശൻ എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണി മുഴക്കിയതിനും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.

ഇനിയുള്ള തലമുറകൾക്ക് ഇത്തരമൊരു അനുഭവം ഉണ്ടാകാതിരിക്കാനാണ് താൻ പരാതിയുമായി മുന്നോട്ട് പോകുന്നതെന്ന് വനിതാ കായികതാരം അറിയിച്ചു. കായിക താരങ്ങൾക്കുള്ള ട്രാക്കിലൂടെ മാനേജിങ് കമ്മിറ്റി അംഗവും ഒപ്പമുണ്ടായിരുന്നയാളും നടന്ന് താരത്തിന്റെ പരിശീലനം മുടക്കാൻ ശ്രമിച്ചു. ഇത് ചോദ്യം ചെയ്തപ്പോഴാണ് താരത്തിന് വളരെ മോശം പെരുമാറ്റം നേരിടേണ്ടി വന്നത്. ഇതോടെ ഇവർ സ്റ്റേഡിയത്തിൽ ഇരുന്നുകൊണ്ട് പ്രതിഷേധിക്കുകയായിരുന്നു. പാലാ മുൻസിപ്പൽ കൗൺസിൽ വൈസ് ചെയർമാൻ ഉൾപ്പെടെ നഗരസഭാ അംഗങ്ങൾ താരത്തിന് പിന്തുണയുമായി സ്റ്റേഡിയത്തിലെത്തി. ഇയാൾക്കെതിരെ നടപടിയെടുക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നായിരുന്നു താരവും ഒപ്പമുള്ളവരും അറിയിച്ചത്.

Related Articles

Latest Articles