Sunday, September 20, 2026

കാലാവധി കഴിഞ്ഞ രണ്ടുമന്ത്രിമാർ സ്ഥാനം ഒഴിയും, ഗണേഷും കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക്, മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് ആർ.ജെ.ഡി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിൻ്റെ നവ കേരള സദസ് പൂര്‍ത്തിയായതോടെ മന്ത്രിസഭാ പുനഃസംഘടനയിൽ ഇന്ന് തീരുമാനമാകും. തിരുവനന്തപുരത്ത് ചേരുന്ന ഇടതുമുന്നണി യോഗത്തിൽ ഇക്കാര്യം ചര്‍ച്ചയാകും. മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് ആർ.ജെ.ഡി നല്‍കിയ കത്തും യോഗം പരിഗണിക്കും. തങ്ങളാണ് യഥാർത്ഥ ജെ.ഡി.എസ് എന്നു കാട്ടി സി.കെ നാണു നല്‍കിയ കത്തും യോഗത്തില്‍ ചര്‍ച്ചയ്ക്കു വന്നേക്കും.

മുന്നണിയിൽ ഒറ്റ എം.എൽ.എ മാത്രമുള്ള നാല് പാര്‍ട്ടികൾ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടാക്കിയ ധാരണപ്രകാരമാണ് മന്ത്രിസ്ഥാനങ്ങളിൽ മാറ്റം ഉണ്ടാവുക. മന്ത്രിമാരായ ആൻ്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മാറി പകരം കെ.ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് മന്ത്രിമാരാകുന്നത്. സത്യപ്രതിജ്ഞ ഈമാസം 29 ന് നടത്താനാണ് തീരുമാനമെന്നാണ് കരുതുന്നത്. സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയാൽ നടക്കേണ്ട പുനഃസംഘടന നീണ്ടുപോയത് നവ കേരള സദസ് മൂലമായിരുന്നു. അഹമ്മദ് ദേവർകോവിൽ ഇന്ന് രാവിലെ തന്നെ രാജികത്ത് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു.

ആന്‍റണി രാജു ഒഴിയുന്ന ഗതാഗത വകുപ്പ് ഗണേഷ് കുമാറിനും അഹമ്മദ് ദേവർകോവില്‍ ഒഴിയുന്ന തുറമുഖ വകുപ്പ് കടന്നപ്പള്ളി രാമചന്ദ്രനും ലഭിച്ചേക്കും. ഇരുവരും ഇതേ വകുപ്പുകള്‍ നേരത്തെയും കൈകാര്യം ചെയ്തിട്ടുണ്ട്. തുറമുഖ വകുപ്പ് സി.പി.എം ഏറ്റെടുത്ത് ദേവസ്വം വകുപ്പ് കടന്നപ്പള്ളിക്ക് നല്‍കുമെന്ന് അഭ്യൂഹം ഉണ്ടെങ്കിലും അതിനുള്ള സാദ്ധ്യത കുറവാണ്.

എൽ.ഡി.എഫ് ധാരണ പ്രകാരം മന്ത്രിസഭ രണ്ട വര്‍ഷം പൂര്‍ത്തിയാക്കി നവംബര്‍ 20 നായിരുന്നു പുനഃസംഘടന നടക്കേണ്ടിയിരുന്നത്. എന്നാൽ, നവംബര്‍ പതിനെട്ടിന് മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങൾ തോറും നവ കേരള സദസ് പര്യടനത്തിന് ഇറങ്ങാൻ തീരുമാനിച്ചതാണ് പുനഃസംഘടന നീളാൻ കാരണമായത്. ഇന്നലെയാണ് നവ കേരള സദസ് അവസാനിച്ചത്. പുനഃസംഘടന നവ കേരള സദസിന് മുൻപ് നടത്തണമെന്ന് കേരളാ കോൺഗ്രസ് ബി മുന്നണിയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിലപാട് മറിച്ചായിരുന്നു.

Related Articles

Latest Articles