Sunday, May 5, 2024
spot_img

നിപ വൈറസ്; രണ്ട് പേര്‍ക്ക് കൂടി ഫലം നെഗറ്റീവ്; ചാത്തമംഗലം പഞ്ചായത്ത് പൂർണമായി അടച്ചിടും

കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച 12 കാരനുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ രണ്ട് പേര്‍ക്ക് കൂടി ഫലം നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതോടെ സമ്പര്‍ക്ക പട്ടികയിലുള്ള 10 പേരുടെ പരിശോധന ഫലം നെഗറ്റീവായി. കുട്ടിയുടെ മാതാപിതാക്കള്‍ അടക്കമുളളവര്‍ക്കാണ് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്. ഫലങ്ങള്‍ ആശ്വാസം നല്‍കുന്നതെന്നും എന്നാല്‍ ജാഗ്രതിയില്‍ തെല്ലും വിട്ടുവീഴ്ചയില്ലെന്നും ആരോഗ്യ മന്ത്രി പറ‍‍‍ഞ്ഞു. അതേസമയം, പ്രതിരോധത്തിന്‍റെ ഭാഗമായി ചാത്തമംഗലം പഞ്ചായത്ത് പൂർണമായി അടച്ചിടുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു. അവശ്യ സേവനങ്ങൾക്ക് മാത്രമായിരിക്കും അനുമതി നൽകുക.

ചാത്തമംഗലം മുന്നൂരില്‍ നിപ ബാധിച്ച് മരിച്ച 12കാരനുമായി അടുത്ത ബന്ധം പുലര്‍ത്തിയ പലര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടതോടെ പരിശോധന ഫലങ്ങള്‍ എന്താകുമെന്ന ആശങ്കയിലായിരുന്നു ഏവരും. എന്നാല്‍ പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ച എട്ട് സാംപിളുകളിലും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇന്നലെ പ്രവര്‍ത്തനം തുടങ്ങിയ ലാബില്‍ പരിശോധിച്ച രണ്ട് സാംപിളുകളിലും നിപ വൈറസ് സാന്നിധ്യമില്ലെന്ന റിപ്പോര്‍ട്ട് പുലര്‍ച്ചെ എത്തി. രാവിലെ എട്ട് മണിയോടെ മാധ്യമങ്ങളെ കണ്ട ആരോഗ്യ മന്ത്രി ആശ്വാസ വാര്‍ത്ത പുറത്തുവിട്ടു.

11 പേരുടെ പരിശോധന ഫലങ്ങള്‍ കൂടി ഇനി വരാനുണ്ട്. മെഡിക്കൽ കോളേജിൽ നിലവിൽ 48 പേരാണ് നിരീക്ഷണത്തിലുളളത്. ഇവരുടെ സ്രവ സാംപിളുകള്‍ ഇന്ന് മെഡിക്കൽ കോളജിലെ ലാബിൽ പരിശോധിക്കും. ഫലം പോസിറ്റീവാണെങ്കില്‍ പൂനെ ലാബില്‍ വീണ്ടും പരിശോധന നടത്തിയ ശേഷമാകും സ്ഥിരീകരണം. അതിനിടെ, ആരോഗ്യ വകുപ്പിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ രംഗത്തെത്തി. കുട്ടിയെ മെഡിക്കല്‍ കോളജില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത് എന്തിനെന്ന് ആരോഗ്യ വകുപ്പ് വിശദീകരിക്കണം. കുട്ടിയുടെ മരണത്തിന് ഉത്തരാവാദി ആരോഗ്യ വകുപ്പെന്നും മുരളി ആരോപിച്ചു.

അതേസമയം, കോഴിക്കോട് നിപ്പാ റിപ്പോർട്ട് ചെയ്ത ചാത്തമംഗലം പഞ്ചായത്തിൽ കര്‍ശന നിരീക്ഷണം തുടരുകയാണ്. ആരോഗ്യപ്രവർത്തകർ ഓരോ വീടും കയറിയിറങ്ങിയാണ് വിവരശേഖരണം നടത്തുന്നത്. പ്രതിരോധ നടപടികളുടെ ഭാഗമായി പഞ്ചായത്ത് പൂർണമായി അടച്ചു. അതിനിടെ, കണ്ണൂര്‍ റീജ്യണല്‍ ലാബില്‍ നിന്നുളള സംഘം ചാത്തമംഗലത്തെത്തി.

പ്രാഥമിക സമ്പർക്ക പട്ടികയിലെ ആദ്യ ഫലങ്ങൾ നെഗറ്റീവ് ആയെങ്കിലും അതീവ ജാഗ്രതയിലാണ് ചാത്തമംഗലം പഞ്ചായത്ത്. പഞ്ചായത്തിലേക്കുള്ള എല്ലാ ഇട റോഡുകളും അടച്ചു. അവശ്യ സർവീസ്, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ എന്നിവക്ക് മാത്രം ഇളവ്. കൂടുതൽ പോലീസിനെയും വിന്യസിച്ചിട്ടുണ്ട്. പനിയോ മറ്റു ലക്ഷണങ്ങളോ ഉള്ളവർ ഉണ്ടെങ്കിൽ കണ്ടെത്താനുള്ള നടപടികൾ തുടങ്ങി. ആരോഗ്യ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും അടങ്ങുന്ന 25 ചെറുസംഘങ്ങൾ ഓരോ വീടും കയറിയിറങ്ങി വിവര ശേഖരണം തുടങ്ങി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles