Monday, May 13, 2024
spot_img

തിരുനെല്ലി ബസ് തടഞ്ഞുനിര്‍ത്തി 1.40 കോടി രൂപ കവര്‍ന്ന കേസ്;2 പേർ പോലീസ് പിടിയിൽ, ആലപ്പുഴയിലും കണ്ണികൾ ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പന്ത്രണ്ട് ആയി

മാനന്തവാടി:തിരുനെല്ലിയിൽ ബസ് തടഞ്ഞുനിര്‍ത്തി 1.40 കോടി രൂപ കവര്‍ച്ച ചെയ്ത കേസില്‍ രണ്ടുപേർ പൊലീസ് പിടിയിലായി. ആലപ്പുഴ മുതുകുളം സ്വദേശികളായ ചീപ്പാട് ഷജീന മന്‍സിലില്‍ ഷാജഹാന്‍ (36), കളിയ്ക്കല്‍ അജിത്ത് (30) എന്നിവരെയാണ് മാനന്തവാടി ഡി വൈ എസ് പി ചന്ദ്രൻ എ പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്.ഒക്ടോബര്‍ അഞ്ചിന് പുലര്‍ച്ചെ 3.45 നായിരുന്നു കേസിനാസ്പദമായ സംഭവം. ബംഗളൂരു – കോഴിക്കോട് ബസില്‍ യാത്ര ചെയ്യുകയായിരുന്ന മലപ്പുറം സ്വദേശിയാണ് കവര്‍ച്ചയ്ക്കിരയായത്. ആലപ്പുഴയില്‍ നിന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരെയും റിമാന്‍ഡ് ചെയ്തു. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പന്ത്രണ്ട് ആയി.കേസിലെ ആദ്യനാലു പ്രതികളായ പുല്‍പ്പള്ളി പെരിക്കല്ലൂര്‍ മൂന്നുപാലം ചക്കാലക്കല്‍ വീട്ടില്‍ സി. സുജിത്ത് (28), നടവയല്‍ കായക്കുന്ന് പതിപ്ലാക്കല്‍ ജോബിഷ് ജോസഫ് (23), ഏറണാകുളം മുക്കന്നൂര്‍ ഏഴാറ്റുമുഖം പള്ളിയാന വീട്ടില്‍ ശ്രീജിത്ത് വിജയന്‍ (25), കണ്ണൂര്‍ ആറളം ഒടാക്കല്‍ കാപ്പാടന്‍ വീട്ടില്‍ സക്കീര്‍ ഹുസൈന്‍ (38) എന്നിവരെ കര്‍ണാടക മാണ്ഡ്യയില്‍ നിന്ന് നേരത്തെ പൊലീസ് പിടികൂടിയിരുന്നു.

ആദ്യം പിടിയിലായവര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് കോഴിക്കോട് ബേപ്പൂര്‍ ഊണാര്‍വളപ്പ് കോഴിക്കോടന്‍ വീട്ടില്‍ കെ വി ജംഷീര്‍ (37), ഫറോക്ക് രാമനാട്ടുകര കോമ്പിലായത്ത് വീട്ടില്‍ എം എന്‍ മന്‍സൂര്‍ (30), മലപ്പുറം പുളിക്കല്‍ അരൂര്‍ ചോലക്കരവീട്ടില്‍ ടി കെ ഷഫീര്‍ (32), മലപ്പുറം പുളിക്കല്‍ അരൂര്‍ ഒളവട്ടൂര്‍ വലിയചോലയില്‍ വീട്ടില്‍ പി സുബൈര്‍ (38), പാലക്കാട് മാങ്കാവ് എടയാര്‍ സ്ട്രീറ്റ് രാമന്‍കുമരത്ത് വീട്ടില്‍ പ്രശാന്ത് (35), മലപ്പുറം കൊണ്ടോട്ടി പള്ളിപ്പടി അരൂര്‍ എട്ടൊന്നില്‍ ഹൗസില്‍ ഷഫീഖ് (31) എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു.

Related Articles

Latest Articles