Sunday, May 5, 2024
spot_img

ഇമ്രാനെ ക്ലീന്‍ബൗള്‍ഡാക്കി ട്രംപ് ; 440 മില്യൺ ഡോളറിന്‍റെ സഹായധനം അമേരിക്ക വെട്ടിക്കുറച്ചു

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപുമായി അടുക്കാനുള്ള പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ അടവൊന്നും ഫലിക്കുന്നില്ല എന്ന സൂചന നൽകി പാകിസ്ഥാന് നൽകി വന്ന സഹായധനത്തിൽ വൻതുക വെട്ടിക്കുറച്ച് അമേരിക്ക. 440 മില്യൺ ഡോളറിന്‍റെ സഹായധനമാണ് അമേരിക്ക വെട്ടിക്കുറച്ചത്. ഇതോടുകൂടി പാകിസ്ഥാന് അമേരിക്ക നൽകി വരുന്ന സഹായം 4.1 ബില്യൺ ഡോളറിൽ ഒതുങ്ങി.

അടുത്തിടെ അമേരിക്കൻ സന്ദർശനം നടത്തിയ ഇമ്രാൻ ഖാനോട് അതിന് മുമ്പ് തന്നെ ഈ വിവരം അമേരിക്ക അറിയിച്ചിരുന്നതായി ചില വിദേശമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2010ലെ പി ഇ പി എ (പാകിസ്ഥാൻ എൻഹാൻസ്‌ഡ് പാർട്‌ണർഷിപ്പ് എഗ്രിമെന്‍റ്) പ്രകാരമുള്ള സഹായധനമാണ് അമേരിക്ക വെട്ടികുറച്ചത്. അഞ്ച് വർഷത്തെ കാലാവധിയിൽ 7.5 ബില്യൺ ഡോളറിന്‍റെ സഹായധനമാണ് കരാറിലൂടെ പാകിസ്ഥാന് യു എസ് വാഗ്‌ദാനം ചെയ്‌തിരുന്നത്. ഭീകരപ്രവർത്തനങ്ങൾ അമർച്ച ചെയ്യുന്നതിൽ പരാജയപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ പാകിസ്ഥാന് നൽകിവന്നിരുന്ന 300 മില്യൺ യു എസ് ഡോളറിന്‍റെ സഹായധനം അമേരിക്കൻ ആർമി കഴിഞ്ഞ വർഷം റദ്ദാക്കിയിരുന്നു. അതേവർഷം ജനുവരിയിലും ഏകദേശം ഒരു ബില്യൺ ഡോളറിന്‍റെ സാമ്പത്തിക സഹായം അമേരിക്ക നിറുത്തി വയ്‌ക്കുകയുണ്ടായി.ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ഇമ്രാനുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ കടുത്ത വിമർശമാണ് പ്രസിഡന്‍റ് ട്രംപ് ഉന്നയിച്ചത്.

1.3 ബില്യൺ യു.എസ് ഡോളറിന്‍റെ സഹായധനമാണ് കഴിഞ്ഞ കുറേയെറെ വർഷങ്ങളായി ഞങ്ങൾ പാകിസ്ഥാന് നൽകിവന്നുകൊണ്ടിരിക്കുന്നത്. എന്നാൽ ആ രാജ്യം ഞങ്ങൾക്ക് വേണ്ടി ഒന്നും തന്നെ തിരികെ നൽകിയിട്ടില്ലെന്ന് മാത്രമല്ല വിധ്വംസക പ്രവർത്തനങ്ങളാണ് നടത്തികൊണ്ടിരിക്കുന്നത്. ഞങ്ങൾക്കെതിരായാണ് ഇപ്പോൾ അവരുടെ നീക്കം’- ഇമ്രാൻ ഖാനുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം ഇപ്രകാരമായിരുന്നു ട്രംപിന്‍റെ പ്രതികരണം.

Related Articles

Latest Articles