Saturday, May 11, 2024
spot_img

900 ദിവസങ്ങൾ രാജ്യത്ത് തങ്ങാം.! അപേക്ഷിച്ച് 48 മണിക്കൂറിനുള്ളിൽ തന്നെ ലഭ്യം ! ഭാരതീയർക്കായി അഞ്ചുവർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ അവതരിപ്പിച്ച് യുഎഇ !

ഭാരതീയർക്കായി പുതിയ മൾട്ടിപ്പിൾ എൻട്രി വിസ അവതരിപ്പിച്ച് യുഎഇ. 2021ലാണ് അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ എന്ന ആശയം യുഎഇ അവതരിപ്പിച്ചത്. ഇന്ത്യയ്ക്കും ഗൾഫ് മേഖലയ്ക്കും ഇടയിലുള്ള യാത്രാ സൗകര്യം വർദ്ധിപ്പിക്കുന്നതിനായാണ് ദുബായ് അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ പുറത്തിറക്കിയത്. ഈ വിസാവിഭാഗത്തിൽ അപേക്ഷിക്കുന്ന ഇന്ത്യൻ യാത്രക്കാർക്ക് അഞ്ച് വർഷത്തിൽ ഒന്നിലധികം തവണ യുഎഇ സന്ദർശിക്കാം. പ്രതിവർഷം പരമാവധി 180 ദിവസം രാജ്യത്ത് തങ്ങാനാകും. തുടർച്ചയായി അല്ലാതെ അഞ്ച് വർഷത്തിനുള്ളിൽ 900 ദിവസങ്ങൾ യുഎഇയിൽ തങ്ങാനുമാകും. അപേക്ഷിച്ച് 48 മണിക്കൂറിനുള്ളിൽ തന്നെ വിസ ലഭ്യമാകും.

കഴിഞ്ഞ കൊല്ലം 2.46 ദശലക്ഷം ഭാരതീയരാണ് ദുബായ് സന്ദർശിച്ചത്. 2022 ൽ ഇത് 1.84 ദശലക്ഷവും കോവിഡ് മഹാമാരിക്ക് മുമ്പുള്ള 2019ൽ 1.97 ദശലക്ഷവുമായിരുന്നു.

കഴിഞ്ഞയാഴ്‌ച മുംബയിൽ നടന്ന ട്രാവൽ എക്‌സ്‌പോയിൽ ദുബായിലെ എക്കോണമി ആന്റ് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. പരിപാടിയിൽ മൾട്ടിപ്പിൾ എൻട്രി വിസയെക്കുറിച്ച് അന്നവർ വ്യക്തമാക്കുകയും ചെയ്തു.

‘അഞ്ചുവർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ സംരംഭം ഇന്ത്യയുമായുള്ള യുഎഇയുടെ നിലവിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്നു. ഈ ചരിത്രപരമായ നാഴികക്കല്ല് ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് പുതിയ അനുഭവങ്ങളിലേയ്ക്ക് വാതിൽ തുറക്കുന്നു. കൂടാതെ പുതിയ പദ്ധതി ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വേദിയായി മാറുകയും ചെയ്യുന്നു’- ദുബായിലെ എക്കോണമി ആന്റ് ടൂറിസം വകുപ്പ് പ്രാദേശിക മേധാവി ബാദർ അൽ ഹബീബ് ബാദർ പറഞ്ഞു.

Related Articles

Latest Articles