Saturday, May 4, 2024
spot_img

1300 വർഷക്കാലത്തെ പഴക്കം ; വെളിച്ചം വീശുന്നത് സമ്പന്നമായ സംസ്‌കാരത്തിലേക്ക് ! തെലങ്കനായിൽ പുരാതന ക്ഷേത്രങ്ങൾ കണ്ടെത്തി

ഹൈദരാബാദ് : തെലങ്കാനയിൽ ആയിരത്തിലധികം വർഷം പഴക്കമുള്ള ക്ഷേത്രങ്ങൾ കണ്ടെത്തി. നൽഗോണ്ട ജില്ലയിലെ മുടിമാണിക്യം ഗ്രാമത്തിൽ നിന്നാണ് പുരാതന ക്ഷേത്രങ്ങൾ കണ്ടെത്തിയത്. ഗവേഷണത്തിന്റെ ഭാഗമായി പുരാവസ്തു ഗവേഷകർ ഇവിടെ പരിശോധന നടത്തിയിരുന്നു. ഇതിനിടെയിലാണ് പുരാവസ്തു ഗവേഷകർ ബദാമി ചാലൂക്യ കാലഘട്ടത്തിലെ രണ്ട് പുരാതന ക്ഷേത്രങ്ങളും അപൂർവമായ ഒരു ലിഖിതവും കണ്ടെത്തിയത്.

തെലുങ്ക് സർവ്വകലാശാല അസിസ്റ്റന്റ് പ്രൊഫസർ ഡോ. എംഎ ശ്രീനിവാസൻ, എസ് അശോക് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പരിശോധന നടത്തിയത്. ക്ഷേത്രങ്ങൾക്ക് 1300 വർഷത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. ബദാമി ചാലുക്യന്റെ കാലത്തുള്ള ക്ഷേത്രങ്ങളാണ് ഇവയെന്നാണ് പുരാവസ്തു ഗവേഷകർ പറയുന്നത്. ഇത് സൂചിപ്പിക്കുന്ന ചുവരെഴുത്തുകളും ചിത്രങ്ങളുമെല്ലാം ക്ഷേത്രത്തിന്റെ ഭാഗങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമേ കർണാടകയിലെ രാജകുടുംബമായ കടമ്പ നാഗരയുടെ സ്വാധീനവും ക്ഷേത്രം പരിശോധിച്ചതിൽ നിന്നും വ്യക്തമായിട്ടുണ്ട്. എട്ട്-ഒൻപത് നൂറ്റാണ്ടിലാണ് ബദാമി ചാലുക്യൻ ജീവിച്ചിരുന്നത്. വിഷ്ണുവിന്റെയും ശിവന്റെയും ക്ഷേത്രങ്ങളാണ് ഇതെന്നാണ് സൂചന. ശ്രീകോവിലിനുള്ളിൽ നിന്നും ശിവലിംഗവും, വിഷ്ണു വിഗ്രഹത്തിന്റെ ഭാഗങ്ങളും കണ്ടെടുത്തിട്ടുണ്ട്.

അതേസമയം, വളരെ നിർണായകമായ കണ്ടുപിടിത്തമാണ് ഗവേഷകർ നടത്തിയിരിക്കുന്നതെന്ന് ഡോ. ശ്രീനിവാസൻ പറഞ്ഞു.
പുരാതന സംസ്‌കാരത്തിലേക്ക് വഴിതുറക്കുന്നതാണ് ക്ഷേത്രങ്ങളുടെ കണ്ടുപിടിത്തം. ബദാമി ചാലുക്യന്റെ കാലത്തെ മതപരമായ ആചാരങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ക്ഷേത്രങ്ങൾ നൽകുന്നുവെന്നും ഡോ. ശ്രീനിവാസൻ കൂട്ടിച്ചേർത്തു.

Related Articles

Latest Articles