Monday, October 5, 2026

കടക്കെണിക്ക് മേൽ പടുത്തുയർത്തിയ മോഹന വാഗ്ദാനങ്ങൾ; യുഡിഎഫ് ബജറ്റ് ജനങ്ങളോടുള്ള വഞ്ചനയെന്ന് ബിജെപി

തിരുവനന്തപുരം : വലിയ പ്രഖ്യാപനങ്ങൾ കൊണ്ട് സമ്പന്നമെന്ന് അവകാശപ്പെടുമ്പോഴും നിലവിലുള്ള കടബാധ്യതകൾ മറച്ചുവെച്ച് ജനങ്ങളെ വഞ്ചിക്കുന്നതാണ് വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബജറ്റിലെ വൻ പ്രഖ്യാപനങ്ങൾ നടപ്പിലാക്കാനാവശ്യമായ പണം എങ്ങനെ കണ്ടെത്തുമെന്നതിനെക്കുറിച്ച് യാതൊരു വ്യക്തതയും വരുത്താൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. നിലവിൽ അഞ്ചേകാൽ ലക്ഷം കോടിയോളം രൂപയുടെ ഭീമമായ കടത്തിൽ മുങ്ങിനിൽക്കുന്ന കേരളത്തെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണ് പുതിയ നീക്കങ്ങൾ. രാഹുൽ ഗാന്ധി ജനങ്ങൾക്ക് നൽകിയ അഞ്ച് ‘ഇന്ദിരാ ഗ്യാരന്റി’ വാഗ്ദാനങ്ങളിൽ മൂന്നെണ്ണവും ആദ്യ ബജറ്റിൽ തന്നെ കോൺഗ്രസ് സർക്കാർ കാറ്റിൽപ്പറത്തിയതായും അദ്ദേഹം കുറ്റപ്പെടുത്തി.

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് നൽകുമെന്ന വമ്പൻ വാഗ്ദാനത്തിനായി ബജറ്റിൽ നീക്കിവച്ചിട്ടുള്ളത് വെറും പത്ത് കോടി രൂപ മാത്രമാണ്. ഇത് കണക്കിലെടുക്കുമ്പോൾ കേരളത്തിലെ തൊണ്ണൂറ് ലക്ഷത്തോളം വരുന്ന കുടുംബങ്ങളിൽ ഒന്നിന് വെറും പതിനൊന്ന് രൂപ വീതമാണ് ലഭിക്കുകയെന്നും, ഇതിലൂടെ ജനങ്ങളെയാകെ കബളിപ്പിക്കുകയാണ് സർക്കാർ ചെയ്തതെന്നും പ്രസ്താവനയിൽ പറയുന്നു. ഇതിനുപുറമെ ക്ഷേമ പെൻഷൻ 3000 രൂപയാക്കി ഉയർത്തുമെന്ന പ്രഖ്യാപനവും യുവാക്കൾക്കായുള്ള അഞ്ച് ലക്ഷം രൂപയുടെ ലോൺ പദ്ധതിയും വെറും വാഗ്ദാനങ്ങൾ മാത്രമായി ഒതുങ്ങി. ഒരിക്കലും നടപ്പിലാക്കാത്ത വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കുന്ന കോൺഗ്രസ് ശൈലിയാണ് ഇവിടെയും ആവർത്തിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളും ആസ്തികളും വൻതോതിൽ സ്വകാര്യവൽക്കരിക്കാനുള്ള നീക്കമാണ് ഈ ബജറ്റിന്റെ മറ്റൊരു പ്രത്യേകതയെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ചൂണ്ടിക്കാണിക്കുന്നു.

സാമ്പത്തികമായ അച്ചടക്കവും അഴിമതിയില്ലാത്ത ഭരണവും യഥാർത്ഥ വികസനവുമാണ് മലയാളിക്ക് ആവശ്യമെന്നും വെറും രാഷ്ട്രീയ വ്യാമോഹങ്ങളല്ലെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി. പത്ത് വർഷം മുൻപ് “എല്ലാം ശരിയാകും” എന്ന കപട മുദ്രാവാക്യവുമായി അധികാരത്തിലേറി സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകർത്തുതരിപ്പണമാക്കിയ സിപിഎമ്മും ഇപ്പോഴത്തെ കോൺഗ്രസും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇരുവിഭാഗവും ഭരണപരമായ പരാജയങ്ങളിൽ ഒന്നാണെന്ന് വ്യക്തമാക്കിയ ബിജെപി, നമ്മുടെ നാടിന് ഇന്ന് ആവശ്യം എൻഡിഎ മുന്നോട്ടുവെക്കുന്ന വികസിത കേരളം എന്ന കാഴ്ചപ്പാടാണെന്ന് ഓർമ്മിപ്പിച്ചു. ബജറ്റിലെ ഓരോ വാഗ്ദാനത്തിന്റെയും പുരോഗതി സൂക്ഷ്മമായി വിലയിരുത്തുമെന്നും ഓരോ പ്രഖ്യാപനങ്ങളെക്കുറിച്ചും സർക്കാരിനെക്കൊണ്ട് മറുപടി പറയിക്കുമെന്നും ജനങ്ങൾക്ക് ഉറപ്പുനൽകിക്കൊണ്ടാണ് ബിജെപി നിലപാട് വ്യക്തമാക്കിയത്.

Related Articles

Latest Articles