Friday, May 3, 2024
spot_img

യു ഡി എഫ് ആറ്റിങ്ങലിൽ വോട്ടർമാർക്ക് പണം നൽകുന്നു? വ്യവസായി ബിജു രമേശിനെ തടഞ്ഞുവച്ച് എൽ ഡി എഫ്!

തിരുവനന്തപുരം: ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിനായി വ്യവസായി ബിജു രമേശ് വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം. അരുവിക്കര വടക്കേമല കോളനിയിൽ ബിജു രമേശിനെ സിപിഎം പ്രവർത്തകർ തടഞ്ഞുവച്ചു. രാത്രി ഏഴ് മണിയോടെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി അംഗം സുരേഷിന്റെ വീട്ടിലാണ് ബിജു രമേശിനെ തടഞ്ഞുവച്ചത്. പണവുമായി എത്തിയ ബിജുരമേശ് സിപിഎം പ്രവർത്തകരെ കണ്ടപ്പോൾ മറ്റൊരു സംഘത്തിന്റെ കയ്യിൽ പണം കൊടുത്തയച്ചെന്നാണ് ആരോപണം. ഇത് തടഞ്ഞ സിപിഎം പ്രവർത്തകരെ മർദ്ദിച്ചെന്നും ആരോപണം ഉണ്ട്. ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിന്റെ ബന്ധു കൂടിയാണ് ബിജു രമേശ്.

പിന്നാലെ പോലീസ് സ്ഥലത്ത് എത്തി, തെരഞ്ഞെടുപ്പ് കമ്മീഷൻ ഫ്ലെയിങ് സ്ക്വാഡിനെ വിളിച്ചുവരുത്തി. തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ പരിശോധനയിൽ പണം കണ്ടെത്താനായില്ല. ബിജു രമേശിനെ അരുവിക്കര സ്റ്റേഷനിൽ എത്തിച്ചതിന് ശേഷം പോലീസ് വിട്ടയച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തും ബിജു രമേശ് പണവും മദ്യവും നൽകി വടക്കേമല കോളനിയിൽ വോട്ടർമാരെ സ്വാധീനിച്ചെന്നാണ് സിപിഎം ആരോപിക്കുന്നത്. ബിജു രമേശ് പ്രവർത്തകരെ മർദ്ദിച്ചെന്ന് ചൂണ്ടിക്കാട്ടി സിപിഎം നൽകിയ പരാതിയിൽ കേസെടുക്കും എന്ന് പോലീസ് അറിയിച്ചു. സിപിഎം പ്രവർത്തകർ മർദ്ദിച്ചെന്ന് ആരോപിച്ച് ബിജു രമേശിന്റെ അംഗരക്ഷകനും പരാതി നൽകിയിട്ടുണ്ട്.

Related Articles

Latest Articles