Monday, May 6, 2024
spot_img

400 സീറ്റ് നേടുമെന്ന് ആത്മവിശ്വാസം ഉണ്ടെങ്കിൽ കോൺഗ്രസ് വിട്ടുവരുന്നവർക്ക് ബിജെപി എന്തിന് അംഗത്വം നൽകുന്നു? മോദിയുടെ ഗ്യാരണ്ടികൾ നടപ്പിലാക്കാനാകാത്തത്; യു ഡി എഫ് സ്ഥാനാർത്ഥികൾക്കായി വോട്ടഭ്യർത്ഥിച്ച് മല്ലികാർജ്ജുൻ ഖാർഗെ തിരുവനന്തപുരത്ത്

തിരുവനന്തപുരം: 400 സീറ്റുകൾ കിട്ടുമെന്ന് ആത്മവിശ്വാസമുണ്ടെങ്കിൽ കോൺഗ്രസ് വിട്ടുവരുന്നവർക്ക് ബിജെപി എന്തിന് അംഗത്വം നൽകുന്നുവെന്ന് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. തിരുവനന്തപുരത്ത് വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 400 ലധികം എം എൽ എ മാർ ഇക്കാലയളവിൽ ബിജെപിയിലേക്ക് പോയി. തെരഞ്ഞെടുപ്പിൽ മോദി നൽകുന്ന ഗ്യാരണ്ടികൾ നടപ്പിലാകില്ലെന്നും കള്ളപ്പണം പിടിച്ചെടുത്ത് ഓരോരുത്തർക്കും 15 ലക്ഷം നൽകുമെന്ന് പറഞ്ഞതും കർഷകരുടെ വരുമാനം ഇരട്ടിയാകുമെന്ന് പറഞ്ഞതും നടപ്പിലായില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ കുട്ടികളുള്ളവരെ കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പരാമർശം പ്രതിഷേധാർഹമാണെന്നും തനിക്ക് അഞ്ചു മക്കളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഴിമതിക്കെതിരെ നടപടിയെടുക്കുന്നു എന്ന് പറയുന്ന നരേന്ദ്രമോദി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നേതാക്കളെ ഭീഷണിപ്പെടുത്തുകയാണ്. പട്ടിക ജാതിക്കാരനായ ഹേമന്ത് സോറനും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ജയിലിലടച്ചു. കോൺഗ്രസിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചു. കർണ്ണാടകയിലും ഹിമാചൽ പ്രദേശിലും തെലങ്കാനയിലും കോൺഗ്രസ് നൽകിയ ഗ്യാരണ്ടികൾ നടപ്പിലാക്കിയെന്നും തൊഴിലില്ലായ്മയെ കുറിച്ച് പ്രധാനമന്ത്രി ഒന്നും മിണ്ടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ 20 സീറ്റുകളിലും യു ഡി എഫ് സ്ഥാനാർത്ഥികൾ ജയിക്കുമെന്നും ശശി തരൂർ പാർട്ടിയുടെ ശക്തിയാണെന്നും പറഞ്ഞ ഖാർഗെ വേദിയിലുണ്ടായിരുന്ന ആറ്റിങ്ങൽ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിനെ പക്ഷെ ഒപ്പമുണ്ടായിരുന്നവർ ഓർമ്മിപ്പിച്ചതിന് ശേഷമാണ് പരാമർശിച്ചത്. കേരളത്തിൽ പ്രധാന എതിരാളി ബിജെപിയാണോ സിപിഎമ്മാണോ എന്ന ചോദ്യത്തിന് സംസ്ഥാന നേതാക്കൾ മറുപടി പറയുമെന്ന് മാത്രമായിരുന്നു പ്രതികരണം.

Related Articles

Latest Articles