ബെംഗളൂരു: കര്‍ണാടകയിലെ ഉഡുപ്പിയില്‍ വിനോദസഞ്ചാരത്തിന് പോയ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കോട്ടയം ഏറ്റുമാനൂർ മംഗളം കോളേജിൽ നിന്ന് പോയ വിദ്യാർത്ഥികളാണ് മുങ്ങിമരിച്ചത്. പാമ്പാടി വെള്ളൂര്‍ സ്വദേശി അലന്‍ റെജി, കോട്ടയം കുഴിമറ്റി സ്വദേശി അമല്‍ സി.അനില്‍ എന്നിവരാണ് മരിച്ചത്. കാണാതായ ആൻറണി ഷിനോയിക്കായി തിരച്ചിൽ ആരംഭിച്ചു.
42 പേരുമായി കോട്ടയം ഏറ്റുമാനൂര്‍ മംഗളം എഞ്ചിനീയറിംഗ് കോളജില്‍ നിന്ന് വിനോദയാത്രയ്ക്ക് പുറപ്പെട്ടതാണ് സംഘം. തുടർന്ന് കർണാടകയിലെ മാൽപെയിലെ സെന്റ് മേരീസ് കടലില്‍ കുളിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. മാൽപെയിലിലെ പാറക്കെട്ടിൽ നിന്ന് വഴുതി വീഴുകയായിരുന്നു.
ഉച്ചയ്‌ക്ക് രണ്ട് മണിയോടെ സെന്റ് മേരീസ് ഐലന്റിലൂടെ നടക്കുകയായിരുന്ന വിദ്യാർത്ഥികൾ സെൽഫിയെടുക്കുന്നതിനിടെ തിരയിൽ പെട്ടതാണെന്നും റിപ്പോർട്ടുകളുണ്ട്. മാത്രമല്ല പാറക്കെട്ടിൽ കാൽ വഴുതി വീഴുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. അദ്ധ്യാപകരടക്കം നൂറംഗ സംഘമാണ് ഇന്നലെ വൈകീട്ടോടെ കോട്ടയം മംഗളം കോളേജിൽ നിന്ന് യാത്ര പുറപ്പെട്ടതാണെന്നാണ് വിവരം. ഇതിനിടയിലാണ് ദുരന്തം.

