Saturday, May 18, 2024
spot_img

യുക്രൈനിലെ സർവ കലാശാലകളിൽ കുടുങ്ങിയത് 200-ഓളം മലയാളികൾ, കനത്ത യുദ്ധം തുടർന്ന് യുക്രൈൻ-റഷ്യ

കീവ്: യുക്രൈനിൽ റഷ്യ ആക്രമണം തുടങ്ങിയതിന് പിന്നാലെ, രാജ്യത്തെ ഒഡേസ, ഖാർകിവ് നഗരങ്ങളിലെ സർവകലാശാലകളിൽ മലയാളി വിദ്യാർത്ഥികൾ കുടുങ്ങി. ഏറ്റവുമൊടുവിൽ ലഭിക്കുന്ന കണക്കനുസരിച്ച് 213 മലയാളി വിദ്യാർത്ഥികളാണ് ഈ രണ്ട് നഗരങ്ങളിലെയും സർവകലാശാലകളിലായി കുടുങ്ങിക്കിടക്കുന്നത്.

എയർ ഇന്ത്യ യുക്രൈനിൽ നിന്ന് ഇന്ത്യയിലേക്ക് നടത്താനിരുന്ന എല്ലാ വിമാനസർവീസുകളും റദ്ദാക്കിയതോടെ തിരികെ വരാൻ ഒരു വഴിയുമില്ലാതെ അവിടെ കുടുങ്ങികിടക്കുകയാണ് വിദ്യാർത്ഥികൾ.
അതേസമയം റഷ്യയിൽ നിന്ന് യുക്രൈനിലേക്ക് കര മാർഗം പ്രവേശിക്കുന്ന പ്രധാനനഗരങ്ങളാണ് ഖാർകിവും ഒഡേസയും. വ്യോമാക്രമണത്തിന് പിന്നാലെ റഷ്യൻ സൈന്യം കരമാർഗവും ഈ നഗരങ്ങളിലേക്ക് പ്രവേശിച്ചതോടെ കനത്ത ആശങ്കയിലാണ് ജനങ്ങൾ.

യുക്രൈനിലെ ഒഡേസ നാഷണൽ യൂണിവേഴ്സിറ്റിയിൽ 200 മലയാളി വിദ്യാർത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. ഇവിടെ നിന്ന് ഏതാണ്ട് 700 കിലോമീറ്ററോളം അകലെയുള്ള ഖാർകിവ് നാഷണൽ മെഡിക്കൽ സർവകലാശാലയിൽ 13 മലയാളി വിദ്യാർത്ഥികളാണ് കുടുങ്ങിയിരിക്കുന്നത്. ഒഡേസ തുറമുഖത്ത് ഇന്ന് രാവിലെ റഷ്യ ആക്രമണം തുടങ്ങിയിരുന്നു.

വിദ്യാർത്ഥികളിൽ പലരും പല എയർ ഇന്ത്യ വിമാനങ്ങളിലായി തിരികെ വരാനിരുന്നവരാണ്. എയർ ഇന്ത്യ വിമാനം ഇറങ്ങേണ്ടിയിരുന്ന ബോറിസ്പിൽ വിമാനത്താവളത്തിൽ റഷ്യൻ ആക്രമണമുണ്ടായി. ഇത്തരത്തിൽ ആക്രമണമുണ്ടായേക്കും എന്ന് നേരത്തേ വിവരം ലഭിച്ചതിനാൽ നേരത്തേ ദില്ലിയിൽ നിന്ന് പുറപ്പെട്ട വിമാനം തിരികെ മടങ്ങിയിരുന്നു. ബെലാറഷ്യൻ സൈന്യവും കൂടി പങ്കെടുത്ത ആക്രമണമാണ് ഈ വിമാനത്താവളത്തിൽ നടന്നത്.

Related Articles

Latest Articles