ആലപ്പുഴ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് സിപിഎം നേതാവും മുൻ മന്ത്രി ജി. സുധാകരൻ. ആരുടെയും പിന്തുണ തേടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി അംഗത്വം പുതുക്കില്ലെന്ന് നേരത്തെ തന്നെ സുധാകരൻ വ്യക്തമാക്കിയിരുന്നു.
ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുമായോ യു.ഡി.എഫുമായോ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച് ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നേതാക്കളാരും തന്നെ അനുനയിപ്പിക്കാനോ പ്രത്യേക ദൗത്യവുമായോ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് ഒഴിഞ്ഞെങ്കിലും, കമ്യൂണിസ്റ്റ് ആദർശങ്ങളോ പാർട്ടിയുടെ അടിസ്ഥാന ആശയങ്ങളോ താൻ ഉപേക്ഷിച്ചിട്ടില്ല. പാർട്ടിയെ ആക്ഷേപിക്കാനോ അതിന്റെ ഭരണഘടനയെ തള്ളിപ്പറയാനോ തനിക്ക് ഉദ്ദേശമില്ല. അനുഭാവികളിൽ ഒരാളായി തുടരും. സംഘടനയുമായുള്ള ബന്ധം ഔദ്യോഗികമായി അവസാനിപ്പിക്കുക മാത്രമാണ് ചെയ്തത്.
തന്നേക്കുറിച്ച് പ്രചരിക്കുന്നത് വ്യാജ വാർത്തകളാണ്. താൻ പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്ത് ആവിഷ്കരിച്ച പെരുമ്പളം പാലത്തിന്റെ നിർമ്മാണത്തെക്കുറിച്ച് അഞ്ചോ ആറോ തവണ ദേശാഭിമാനിയിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ഈ വാർത്തകളിലൊന്നും തന്റെ പേര് പരാമർശിക്കാൻ അവർ തയ്യാറായിട്ടില്ല. പത്രാധിപന്മാരല്ല ഇതിന് പിന്നിൽ, മറിച്ച് അവിടെയുള്ള മറ്റുചിലരാണ്.
തന്നെ പലരും വ്യക്തിഹത്യ നടത്തി. ‘സുധാകുരൻ’ എന്ന് പോലും പറഞ്ഞു. പൊളിറ്റിക്കൽ ക്രിമിനലുകളെ കൂടെ കൊണ്ട് നടക്കുന്നുവെന്നും അവരെ ആയുധമാക്കുന്നു. തന്റെ അച്ഛനെ വിളിക്കുന്ന സാഹചര്യം വരെ ഉണ്ടായി. ആയിരക്കണക്കിന് കുട്ടികളെ അക്ഷരം പഠിപ്പിച്ചയാളാണ് അച്ഛൻ. ആയിരക്കണക്കിന് ചെറുപ്പകാർക്ക് ജോലി നൽകി. എന്റെ വീട്ടിൽ ആർക്കും കൊടുത്തിട്ടില്ല. അങ്ങനെ ഒരു ആരോപനം ആർക്കും ഉന്നയിക്കാനാകില്ല.
ഇങ്ങനെ പാർട്ടി ജീവിതം നയിക്കുന്ന ആളെ വ്യക്തിഹത്യ നടത്തുന്നത് എന്തിനാണ്? രാഷ്ട്രീയമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആയുധം. വലിയ പോരായ്മ പാർട്ടി നേതൃത്വത്തിന് ഉണ്ടായി. രാഷ്ട്രീയ ഇടിവ് കേരളത്തിൽ ഉണ്ടായി. നേതൃത്വത്തിന് ആവേശമുണ്ടാക്കാൻ കഴിഞ്ഞില്ല. നേതാക്കൾ ആത്മ പരിശോധന നടത്തണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. കമ്യൂണിസ്റ്റു കാർക്ക് ഗാന്ധിജിയുടെ ലാളിത്യം വേണം. വരുമാനത്തിൽ കവിഞ്ഞ സ്വത്ത് പാടില്ല. തനിക്ക് അഭിമാനത്തോടെ അത് പറയാൻ സാധിക്കും. ഒരുപാട് മർദനങ്ങളും ഗുണ്ടായിസവും ഏറ്റുവാങ്ങി. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോട് നീതി പുലർത്തി. ഒരു വർഗീയതയുമായും യോജിക്കില്ല. ദുരിതം അനുഭവിക്കുന്നവരുടെ കൂടെ ആയിരിക്കും എന്നും.”-സുധാകരൻ പറഞ്ഞു.

