Monday, May 13, 2024
spot_img

മാദ്ധ്യമ പ്രവര്‍ത്തകയെ മുന്‍നിര്‍ത്തി അവരറിയാതെ ഇടതുപക്ഷം രാഷ്ട്രീയനാടകം കളിക്കുന്നു ! തീർക്കുന്നത് കരുവന്നൂരില്‍ നടത്തിയതിന്റെ പ്രതികാരം! സുരേഷ് ഗോപിക്ക് പിന്തുണയുമായി ശോഭാ സുരേന്ദ്രൻ

കോഴിക്കോട്: മാദ്ധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിൽ ബിജെപിനേതാവുമായ അഭിനേതാവുമായ സുരേഷ് ഗോപിയെ പിന്തുണച്ച് ശോഭാ സുരേന്ദ്രന്‍. മാദ്ധ്യമ പ്രവര്‍ത്തക പീഡനവകുപ്പ് ചേര്‍ത്ത് പരാതി നല്‍കിയതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് വ്യക്തമാക്കിയ ശോഭാ സുരേന്ദ്രന്‍ പരാതിയുമായി മുന്നോട്ട് പോയതിന് പിന്നില്‍ മന്ത്രി മുഹമ്മദ് റിയാസാണെന്നും . കരുവന്നൂരില്‍ നടത്തിയതിന്റെ പ്രതികാരം തീര്‍ക്കുകയാണെന്നും ആരോപിച്ചു.

“വെള്ളിയാഴ്ച വൈകുന്നേരം നാലുമണിവരെ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. വിഷയം രാഷ്ട്രീയവത്കരിക്കുകയാണ്. രണ്ടുചോദ്യം ചോദിക്കുമ്പോഴും മാദ്ധ്യമപ്രവര്‍ത്തകയുടെ മുഖത്ത് കണ്ടത് സ്‌നേഹം തന്നെയാണ്. അവര്‍ തന്റേയും സുഹൃത്താണ്.മാദ്ധ്യമപ്രവര്‍ത്തകയെ മുന്‍നിര്‍ത്തി അവരറിയാതെ ഇടതുപക്ഷം രാഷ്ട്രീയനാടകം കളിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗങ്ങളുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ തങ്ങള്‍ക്കും ഇടതുപക്ഷത്ത് ആളുകള്‍ ഉണ്ട്. അടച്ചിട്ട മുറിയില്‍ ഇടതുപക്ഷം നടത്തുന്ന പല വിഷയങ്ങള്‍ പുറത്തേക്ക് പോകുന്നുണ്ട്. പരാതിയുമായി മുന്നോട്ട് പോയതിന് പിന്നില്‍ മന്ത്രി മുഹമ്മദ് റിയാസ്. കരുവന്നൂരില്‍ നടത്തിയതിന്റെ പ്രതികാരം തീര്‍ക്കുകയാണ്. മാദ്ധ്യമ സുഹൃത്തുക്കള്‍ വരുമ്പോള്‍ സ്ത്രീയുടേയും പുരുഷന്റേയും മുഖം തിരഞ്ഞുനോക്കി മാത്രമേ സ്‌നേഹിക്കാന്‍ പാടുള്ളൂവെന്ന് സഹോദരന്‍ എന്ന നിലയില്‍ സുരേഷ് ഗോപിയോട് ഞാന്‍ പറയാം. കേരളത്തില്‍ ആരോരും ഇല്ലാത്ത, അനാഥത്വം സൃഷ്ടിക്കപ്പെട്ട പെണ്‍കുട്ടിയേയും അമ്മയേയും കൈപിടിച്ച് സ്വീകരിച്ചുകൊണ്ട്, അവര്‍ക്ക് ജീവിതം ഉണ്ടാക്കിക്കൊടുക്കുന്ന അച്ഛനെപ്പോലെ കരുതുന്ന നിങ്ങള്‍ എല്ലാവരുടേയും മനസില്‍ അങ്ങനെയല്ലെന്ന് പറഞ്ഞുകൊടുക്കാം. മാപ്പ് പറഞ്ഞശേഷവും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വം അദ്ദേഹത്തെ വേട്ടയാടാനാണ് തീരുമാനമെങ്കില്‍ കേരളത്തിലെ അമ്മമാരുടേയും സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും അതിശക്തമായ പിന്തുണ സുരേഷ് ഗോപിക്ക് ഉണ്ടാകും.

മാദ്ധ്യമ പ്രവര്‍ത്തകയ്ക്ക് എതിരായല്ല സംസാരിക്കുന്നത്. സുരേഷ് ഗോപി ഇത്രയും മാദ്ധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍വെച്ച് തന്നെ സ്പര്‍ശിച്ചത് പീഡനവകുപ്പ് ചേര്‍ത്ത് നടപടിയെടുക്കണമെന്നാണ് പരാതി കൊടുത്തത്. ഇത്രയും ആളുകള്‍ക്ക് ഇടയില്‍നിന്നുകൊണ്ടാണോ ഒരാള്‍ സ്ത്രീക്കെതിരെ ഇത്തരത്തില്‍ പെരുമാറുക എന്നാണ് ഇത്രയും വിവരവുമുള്ള മാദ്ധ്യമ പ്രവര്‍ത്തകര്‍ കരുതുന്നത്. എന്താണ് പിറകില്‍ നടന്നതെന്ന് നിങ്ങള്‍ക്ക് തന്നെ ബോധ്യമുണ്ട്. തങ്ങളുടെ നിലപാടില്‍ ഒരു സ്ത്രീവിരുദ്ധതയുമില്ല. ആ വീഡിയോ ക്ലിപ്പ് 12 തവണയിലധികം കണ്ടയാളാണ് താന്‍. സുരേഷ് ഗോപി ശരീരത്തില്‍ സ്പര്‍ശിച്ചത് ഇഷ്ടമായില്ലെന്ന മാദ്ധ്യമ പ്രവര്‍ത്തകയുടെ വാക്കുകളെ അംഗീകരിക്കുന്നു. എന്നാല്‍, പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന വകുപ്പ് ചേര്‍ത്ത് പരാതി കൊടുക്കാന്‍ തയ്യാറായ വിഷയത്തോടാണ് എതിര്‍പ്പ്. ” ശോഭാ സുരേന്ദ്രൻ പറഞ്ഞു. മാദ്ധ്യമ പ്രവര്‍ത്തകയ്ക്ക്
വേണ്ടി തിരുവനന്തപുരത്ത് പരാതി നല്‍കിയത് പീഡന കേസിലെ പ്രതിയാണെന്നും ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു.

Related Articles

Latest Articles