Monday, June 17, 2024
spot_img

ശബരിമലയില്‍ പോകുമ്പോള്‍ വെളുപ്പും വെളുപ്പുമിടാന്‍ കഴിയുമോ? രാഷ്ട്രീയപരമായ അ‌ജണ്ട കാണിക്കാന്‍ ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടാല്‍ പോരെ, അതിന് ആറ് കോടി രൂപ മുടക്കി സിനിമ ചെയ്യേണ്ടതുണ്ടോ? മേപ്പടിയാൻ സിനിമയെക്കുറിച്ചുള്ള ചര്‍ച്ച പോയത് തെറ്റായ ദിശയിലെന്ന് ഉണ്ണി മുകുന്ദന്‍

കൊച്ചി: മലയാളികളുടെ പ്രിയതാരമായ ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മാണം ചെയ്ത ചിത്രമാണ് മേപ്പടിയാന്‍. ചിത്രത്തിൽ നായകനായി എത്തിയതും ഉണ്ണിമുകുന്ദൻ തന്നെയാണ്. തീയേറ്ററില്‍ മികച്ച വിജയവും മേപ്പടിയാന്‍ സ്വന്തമാക്കി.

എന്നാൽ, ചിത്രം വലിയ വിവാദത്തിലേക്കായിരുന്നു പോയത്. സംഘപരിവാര്‍ അജണ്ട ഒളിച്ചുകടത്താന്‍ ശ്രമിച്ചുവെന്ന പേരിലാണ് മേപ്പടിയാന് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നത്. വലതുപക്ഷ രാഷ്ട്രീയം പ്രചരിപ്പിച്ചു എന്ന് വ്യാപകമായ ആരോപണമാണ് ചിത്രം പുറത്തിറങ്ങിയ ദിവസം തൊട്ട് സമൂഹ മാധ്യ മങ്ങളില്‍ ചര്‍ച്ചയായത്. മേപ്പടിയാനിലെ രാഷ്ട്രീയത്തെ പലരും ചോദ്യം ചെയ്തെങ്കിലും സിനിമാ പ്രേമികള്‍ക്ക് അത്തരമൊരു ഹിഡന്‍ അജണ്ടയൊന്നും കാണാന്‍ സാധിച്ചില്ല എന്നതാണ് മറ്റൊരു വാസ്തവം.

സംഘപരിവാര്‍ അജണ്ട എന്നതിന് ചൂണ്ടിക്കാണിക്കാനായി പലരും ഉപയോഗിച്ചത് സിനിമയിലെ ഒരു സീക്വന്‍സില്‍ വന്നുപോയ സേവാഭാരതിയുടെ ആംബുലന്‍സും, മുസ്ലീമായ വില്ലനെയുമാണ്. കൃത്യമായി ഒരു വില്ലന്‍ എന്ന് പറയാന്‍ പോലും സാധിക്കാത്ത കഥാപാത്രമാണ് ഇന്ദ്രന്‍സ് അവതരിപ്പിച്ച അഷ്റഫ് ഹാജി എന്നത്. പല സ്ഥലത്തും കരുണയുള്ള വില്ലനായാണ് അഷ്റഫ് ഹാജി സ്ക്രീനിലെത്തിയിരുന്നത്.

ഈ വിമര്‍ശനങ്ങള്‍ക്കൊക്കെ മറുപടിയുമായി ഇപ്പോള്‍ ഉണ്ണി മുകുന്ദന്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. രാഷ്ട്രീയപരമായ അ‌ജണ്ട കാണിക്കാന്‍ ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടാല്‍ പോരെ. അതിന് ആറ് കോടി രൂപ മുടക്കി സിനിമ ചെയ്യേണ്ടതുണ്ടോ എന്നാണ് താരത്തിന്റെ ചോദ്യം.

ഏതൊരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റിനും വ്യക്തത അത്യാവശ്യമാണ്. സിനിമയിലെ രാഷ്ട്രീയമെന്താണെന്ന് അത് കണ്ടവര്‍ക്കറിയാം. മേപ്പടിയാന്‍ സിനിമയുടെ നല്ല കാര്യങ്ങള്‍ ചര്‍ച്ചയാക്കുന്നതിന് പകരം നായകന്‍ അമ്പലത്തില്‍ പോയി, മുസ്ലിം വില്ലന്‍, ക്രിസ്ത്യന്‍ വില്ലന്‍, സേവാഭാരതി ആംബുലന്‍സ് കാണിച്ചു എന്നിവയൊക്കെയാണ് ചര്‍ച്ചയാക്കിയത്. കേരളത്തില്‍ ഈ സമുദായത്തിലുള്ളവരൊക്കെയാണല്ലോ ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സേവാഭാരതിയുടെ ആംബുലന്‍സും പൊളിറ്റിക്സും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും താരത്തിന് ചോദിക്കാനുണ്ട്. സേവാഭാരതി എന്നത് കേരളത്തിലെ ഒരു സംഘടനയാണ്. അവര്‍ക്ക് തീവ്രവാദ പ്രവര്‍ത്തനങ്ങളൊന്നുമില്ല. ഈരാറ്റുപേട്ട റോഡില്‍ നിന്നാല്‍ സേവാഭാരതിയുടെ വണ്ടി ഒരു നാല് തവണയെങ്കിലും അതിലേ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നത് കാണാം. നമ്മുടെ സമൂഹത്തിന്റെ കഥ പറയുമ്പോള്‍ അവര്‍ ഇവിടെ ഇല്ല എന്നൊന്നും നമുക്ക് പറയാനാവില്ല. സേവാഭാരതിയുടെ ആംബുലന്‍സില്‍ ആശുപത്രിയില്‍ പോയാല്‍ അതില്‍ എന്ത് രാഷ്ട്രീയമാണ് ഉള്ളതെന്നും ഉണ്ണിമുകുന്ദന്‍ ചോദിക്കുന്നു.

രാഷ്ട്രീയം പറയുക എന്നതായിരുന്നില്ല ചിത്രത്തിന്റെ ലക്ഷ്യം. സാധാരണക്കാരന്റെ ജീവിതത്തിലെ ചില കാര്യങ്ങള്‍ മാത്രമാണ് പറയാന്‍ ശ്രമിച്ചത്. എന്നാല്‍ ചര്‍ച്ചയായത് മറ്റു പല കാര്യങ്ങളുമാണ്. നായകന്‍ കറുപ്പും കറുപ്പുമിട്ടതൊക്കെ ചര്‍ച്ചയായിരുന്നു. ശബരിമലയില്‍ പോകുമ്പോള്‍ വെളുപ്പും വെളുപ്പുമിടാന്‍ കഴിയുമോ? തെറ്റായ ദിശയിലേക്കാണ് ചര്‍ച്ച പോയത്. തീയേറ്ററിലെത്തി ചിത്രം കണ്ട കുടുംബ പ്രേക്ഷകര്‍ക്ക് ചിത്രത്തിന് കുളഴപ്പമൊന്നും തോന്നിയില്ല. കരഞ്ഞുകൊണ്ടുള്ള ഒരു അമ്മയുടെ പ്രതികരണം താന്‍ കണ്ടിരുന്നുവെന്നും, അതാണ് തന്നെ സംബന്ധിച്ചിടത്തോളം വലുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles