ലക്‌നൗ: സെമിനാറിനിടെ യുവതിയുടെ മുടിയില്‍ തുപ്പിയ ഹെയര്‍സ്റ്റൈലിസ്റ്റ് ജാവേദ് ഹബീബിനെതിരേ ഉത്തര്‍പ്രദേശ് പൊലിസ് കേസെടുത്തു. ഉത്തർപ്രദേശിലെ മുസാഫിർനഗറിൽ നടത്തിയ ഹെയർ സ്റ്റൈലിങ് ക്ലാസിനിടെയായിരുന്നു ഹബീബിന്റെ പ്രവൃത്തി. ഇതിന്റെ വിഡിയോ വൈറലായതോടെ പ്രതിഷേധം ഉയരുകയായിരുന്നു.
സദസിലുണ്ടായിരുന്ന യുവതിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി മുടിമുറിക്കുന്നതിനിടെ ജാവേദ് ഹബീബ് തലയിലേക്ക് തുപ്പുകയായിരുന്നു. ‘മുടി മുറിക്കുമ്പോള്‍ വെള്ളംകിട്ടിയില്ലെങ്കില്‍ തുപ്പലും ഉപയോഗിക്കാം’ എന്നു പറഞ്ഞായിരുന്നു തുപ്പിയത്. വീഡിയോ പുറത്തുവന്നതോടെ ഉത്തർപ്രദേശ് പോലീസ് വിഷയത്തിൽ അന്വേഷണം ആരംഭിക്കണം എന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ രംഗത്തെത്തി. ഇതിനിടെ വർക് ഷോപ്പില്‍ പങ്കെടുത്ത ചില സ്ത്രീകള്‍ ഈ അനുഭവം തുറന്നുപറയുകയും ചെയ്തു. വേദിയിലേയ്ക്ക് ഹെയർകട്ടിനു ക്ഷണിച്ച ജാവേദ് മുടി നനയ്ക്കാൻ വെള്ളം ഇല്ലെങ്കിൽ തുപ്പൽ ഉപയോഗിക്കാമെന്ന് പറയുകയായിരുന്നുവെന്ന് യുവതി വെളിപ്പെടുത്തി.
പകര്‍ച്ചവ്യാധി പ്രതിരോധ നിയമം, വ്യക്തിഹത്യ തുടങ്ങി വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് ജാവേദ് ഹബീബിനെതിരേ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം വിമർശനം ശക്തമായതോടെ ക്ഷമാപണവുമായി ഹബീബ് രംഗത്തെത്തി. ഒരു തമാശയ്ക്ക് ചെയ്തതാണെന്നും ആരെയങ്കിലും വേദനപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നുമാണ് ഹബീബ് പറഞ്ഞത്.

