Sunday, April 28, 2024
spot_img

ജി 20 ഉച്ചകോടി! അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ദില്ലിയിലെത്തി ! പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉടൻ തന്നെ ഉഭയകക്ഷി ചർച്ച നടത്തും; ചർച്ചയിൽ വിഷയമാകുക വമ്പൻ പദ്ധതികളെന്ന് അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ

ദില്ലി : ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ രാജ്യതലസ്ഥാനമായ ദില്ലിയിലെത്തി. മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അമേരിക്കൻ പ്രസിഡന്റ് ഇന്ത്യ സന്ദർശനം നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബൈഡൻ ഉടൻ തന്നെ കൂടിക്കാഴ്ച നടത്തും എന്നാണ് ലഭിക്കുന്ന വിവരം. ജെറ്റ് എൻജിൻ കരാർ, പ്രിഡേറ്റർ ഡ്രോൺ കരാർ, 5 ജി, 6 ജി സ്പെക്ട്രം, സിവിൽ ന്യൂക്ലിയർ മേഖലയിലും നൂതന സാങ്കേതിക വിദ്യയിലുമുള്ള സഹകരണം തുടങ്ങിയ അതീവ നിർണ്ണായകമായ വിഷയങ്ങളാകും കൂടിക്കാഴ്ചയിൽ ചർച്ചയാകുകയെന്ന് അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ വ്യക്തമാക്കി .

അതെ സമയം ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ചർച്ച നടക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് സള്ളിവൻ പറഞ്ഞു.

‘‘ഇന്ത്യയിൽനിന്ന് അറബ് രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും റെയിൽ പദ്ധതി നടപ്പാക്കുന്നത് സാമ്പത്തിക നേട്ടമുണ്ടാക്കും. എന്നാൽ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും കാര്യം വ്യക്തമാക്കാൻ ഇപ്പോൾ സാധിക്കില്ല. എല്ലാ രാജ്യങ്ങളും അനുകൂലമായ നിലപാടിലേക്കെത്തിയാൽ മാത്രമെ ഇതിനെക്കുറിച്ച് പ്രതികരിക്കാൻ സാധിക്കൂ. എണ്ണ ഉൽപാദക രാജ്യങ്ങൾ തമ്മിൽ കൂടുതൽ ധാരണ ഉണ്ടാക്കണം. കാലാവസ്ഥാ വ്യതിയാനത്തെ ഒരുമിച്ച് കൈകാര്യം ചെയ്യേണ്ടതുണ്ട്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ രാജ്യങ്ങൾ മുന്നോട്ടുവരണം’’–. സള്ളിവൻ പറഞ്ഞു.

ദില്ലിയിൽ ജി20 ഉച്ചകോടിക്കായി എത്തിയ രാജ്യതലവന്മാരും പ്രതിനിധിസംഘവും താമസിക്കുന്ന 25 ഹോട്ടലുകളുടെ പരിസരങ്ങളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Related Articles

Latest Articles