Saturday, May 18, 2024
spot_img

ശ്രീലങ്കയിലെ ആരാധനായലങ്ങളില്‍ വീണ്ടും ഭീകരാക്രമണം ഉണ്ടായേക്കാമെന്ന് സൂചന; മുന്നറിയിപ്പുമായി യുഎസ് എംബസി

കൊളംബോ: ശ്രീലങ്കയിലെ ആരാധനായലങ്ങളില്‍ വീണ്ടും ഭീകരാക്രമണം ഉണ്ടായേക്കാമെന്ന് രാജ്യത്തെ യുഎസ് എംബസിയുടെ മുന്നറിയിപ്പ് . ഈ വാരാന്ത്യത്തില്‍ വീണ്ടും ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. വ്യാഴാഴ്ച ട്വിറ്ററിലൂടെയാണ് യുഎസ് എംബസി ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്.

ഏപ്രില്‍ 26 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ ജാഗ്രത പാലിക്കാനും സംഘം ചേരുന്നത് ഒഴിവാക്കാനും എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. സാധാരണയായി ജനങ്ങള്‍ ഒരുമിച്ച്‌ കൂടുന്ന ആരാധനാലയങ്ങളായിരിക്കും ഭീകരരുടെ പ്രധാനലക്ഷ്യകേന്ദ്രങ്ങളെന്നും മുന്നറിയിപ്പിലുണ്ട്.

സംശയത്തിനിട നല്‍കിയവരെ കണ്ടെത്തിയിട്ടുണ്ടെങ്കിലും അന്വേഷണത്തിന്റെ പരിധിയില്‍ വരാത്ത ഭീകരസംഘങ്ങള്‍ സജീവമായി രാജ്യത്തിനകത്തുള്ളതായി സംശയിക്കുന്നുവെന്ന് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ അസോസിയേറ്റഡ് പ്രസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. ഈ സംഘങ്ങളുടെ പക്കല്‍ ഉഗ്ര സ്ഫോടനവസ്തുക്കള്‍ ഉണ്ടാവുമെന്ന് സംശയിക്കുന്നതായും വിക്രമസിംഗെ പറഞ്ഞിരുന്നു.

അതേസമയം ശ്രീലങ്കയില്‍ വിദേശീയരുടെ സന്ദര്‍ശന സ്ഥലങ്ങള്‍ക്ക് നേരെ വീണ്ടും ആക്രമണം നടക്കാനിടയുണ്ടെന്നും അതിനാല്‍ യാത്ര ഒഴിവാക്കണമെന്നും ബ്രിട്ടണിലെ ഫോറിന്‍ ആന്‍ഡ് കോമണ്‍വെല്‍ത്ത് ഓഫീസ് പൗരന്മാരോട് വെബ്സൈറ്റില്‍ നല്‍കിയ മുന്നറിയിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്ഫോടനപരമ്പരയില്‍ എട്ടോളം ബ്രിട്ടീഷ് പൗരന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ശ്രീലങ്കയിലുള്ള പൗരന്മാരോടും ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സഹായിക്കുന്നതിനും മരിച്ചവരുടെ ഭൗതികശരീരം രാജ്യത്തെത്തിക്കുന്നതിനുമായി ബ്രിട്ടീഷ് മെട്രോപോളിറ്റന്‍ പോലീസിന്റെ സ്പെഷ്യല്‍ ഉദ്യോഗസ്ഥരുടെ ഒരു സംഘത്തെ ശ്രീലങ്കയില്‍ വിന്യസിച്ചിട്ടുണ്ട്.

കൂടുതല്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കൊളംബോയിലേയും നെഗോംബോയിലേയും ജനങ്ങള്‍ വ്യാഴാഴ്ച കൂട്ടത്തോടെ ഒഴിഞ്ഞുപോയി. വ്യാപാരസ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. സ്ഫോടനങ്ങളില്‍ 259 പേര്‍ മരിച്ചതായും അഞ്ഞൂറിലേറെ പേര്‍ക്ക് പരിക്കേറ്റതായും ബുധനാഴ്ച ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതില്‍ 40 ഓളം വിദേശീയര്‍ ഉള്‍പ്പെട്ടതായി വിദേശകാര്യമന്ത്രാലയത്തിന്റെ സ്ഥിരീകരണമുണ്ട്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് രംഗത്തെത്തിയെങ്കിലും അധികൃതര്‍ ഇക്കാര്യം മുഖവിലയ്ക്കെടുത്തിട്ടില്ല. എന്നാല്‍ ഏതെങ്കിലും തരത്തില്‍ അക്രമണത്തില്‍ ഐഎസിന്റെ പങ്കുണ്ടോയെന്ന കാര്യത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles