ദില്ലി: എതിരാളികളെ ഇല്ലായ്മ ചെയ്യുന്ന ശൈലി സിപിഎം ആദ്യം അവസാനിപ്പിക്കണമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. അടുത്തകാലത്ത് എതിർസ്ഥാനാർത്ഥിയെ വധിക്കാൻ വരെ ശ്രമം നടന്നുവെന്നും വി മുരളീധരൻ പറഞ്ഞു. എതിരാളികളെ ഇല്ലായ്മ ചെയ്യുന്ന സിപിഎം ശൈലി അവസാനിപ്പിച്ചാല്‍ മാത്രമേ കൊലപാതക രാഷ്ട്രീയത്തിന് അറുതി ഉണ്ടാവുകയുള്ളുവെന്നും വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
മോദി തരംഗം കേരളത്തില്‍ ഉണ്ടാകാത്തത് എന്തെന്ന് വിശദമായി പരിശോധിക്കുമെന്നും മുരളീധരന്‍ പറഞ്ഞു. രാജ്യത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് മലയാളികള്‍ക്ക് ധാരണയില്ലാത്തതാവാം ചിലപ്പോള്‍ കാരണമെന്നും അദ്ദേഹം പ്രതികരിച്ചു. വികസന കാര്യങ്ങളിൽ കേരളത്തിന്‍റെ താൽപ്പര്യത്തിനായി നിലകൊള്ളുമെന്നും ദേശീയപാതാ വികസനത്തിൽ ഉണ്ടായ ആശയക്കുഴപ്പം പരിഹരിച്ചുവെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
വെള്ളപ്പൊക്ക ദുരിതം മതിയായ കേന്ദ്രസഹായം കിട്ടിയില്ല എന്നത് ശരിയല്ലെന്നും കേരളം സമര്‍പ്പിച്ച പദ്ധതികള്‍ക്ക് അനുസരിച്ച് പണം നല്‍കിയിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. ബിജെപിയില്‍ പ്രശ്നങ്ങളില്ലെന്നും സംഘടനയിൽ ആശയപ്പോരാട്ടം നടക്കുന്നു എന്നത് മാധ്യമസൃഷ്ടിയാണെന്നും മുരളീധരന്‍ വ്യക്തമാക്കി.
നരേന്ദ്രമോദിയുടെ രണ്ടാം മന്ത്രിസഭയില്‍ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായിട്ടാണ് വി മുരളീധരന്‍ സത്യപ്രതിജ്ഞ ചെയ്തത്. കേരളത്തിലെ മുൻ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നു വി മുരളീധരന്‍. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാ എംപിയായാണ് മുരളീധരന്‍ പാര്‍ലമെന്‍റില്‍ എത്തിയത്.
ബിജെപി കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധമുള്ള നേതാവാണ് വി.മുരളീധരൻ. സംഘടനാ തലത്തിലും വലിയ പിടിപാടുള്ള വി മുരളീധരൻ ഏറെ കാലം ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് മഹാരാഷ്ട്രയിൽ നിന്ന് വി മുരളീധരൻ രാജ്യസഭയിലേക്ക് എത്തിയത് .

