Wednesday, May 15, 2024
spot_img

വെള്ളപ്പൊക്കം: കേരളത്തിനുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ: കഴിഞ്ഞ പ്രളയകാലത്ത് നൽകിയ തുക മുഴുവൻ സംസ്ഥാനം ഉപയോഗിച്ചിട്ടില്ലെന്നും വി മുരളീധരൻ

ദില്ലി: ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കേരളം ആവശ്യപ്പെടുന്ന സഹായങ്ങളെല്ലാം കേന്ദ്രം നല്‍കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. പ്രളയ ബാധിത സംസ്ഥാനങ്ങളുടെ ചുമതലയുള്ള കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായിയുമായി എല്ലാ ദിവസവും കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ചര്‍ച്ച നടത്തുന്നുണ്ട്. കേരളത്തിലെ സ്ഥിതിഗതികൾ സംസ്ഥാന ചീഫ് സെക്രട്ടറിയുമായി ഫോണില്‍ സംസാരിച്ച് വിലയിരുത്തി. കേന്ദ്ര ആഭ്യന്തരവകുപ്പിനെ ഇക്കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ടെന്നും വി മുരളീധരൻ അറിയിച്ചു.

കേരളത്തില്‍ നിലവിൽ എന്‍ഡിആര്‍എഫിന്റെ 13 ടീമുകളിലായി 300 പേരും ആര്‍മിയുടെ 35 പേര്‍ വീതമുള്ള ആറു കോളവും ഇരുപത് പേര്‍ വീതമുള്ള മൂന്ന് എമര്‍ജന്‍സി ടാസ്‌ക് ഫോഴ്‌സും വ്യോമസേനയുടെ ഒരു ഹെലികോപ്റ്ററും തീരസംരക്ഷണ സേനയുടെ മൂന്നു ടീമുകളും മെഡിക്കല്‍ സര്‍വ്വീസ് കോറിലെ രണ്ടു ടീമുകളുമുണ്ട്. സൈന്യത്തിന്റെ അധിക സഹായം സംസ്ഥാന സര്‍ക്കാര്‍ തേടിയിട്ടില്ലെന്നും വി മുരളീധരന്‍ വ്യക്തമാക്കി.

കഴിഞ്ഞ മഹാപ്രളയകാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ തുക കേരളം മുഴുവനായി വിനിയോഗിച്ചില്ലെന്നും വി മുരളീധരൻ വ്യക്തമാക്കി. കേന്ദ്രം നൽകിയ 2047 കോടി രൂപയില്‍ 1,400 കോടി രൂപ പിണറായി സര്‍ക്കാര്‍ ഉപയോഗിച്ചിട്ടില്ല. ഇത്രയധികം കോടി രൂപ കേരളത്തിന്റെ പക്കല്‍ ബാക്കിയുണ്ട്.

ഇത്രയധികം തുക കേരളത്തിന്റെ പക്കല്‍ ബാക്കിയുണ്ടായിട്ടും ഇത്തവണയും കേന്ദ്രം അടിയന്തിര ധനസഹായമായി 52.27 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നിലവില്‍ കേരളത്തിന് സാമ്പത്തിക പരാധീനതകളില്ലെന്ന് വ്യക്തമാണ്. അടിയന്തിര സഹായം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അപേക്ഷകളൊന്നും വന്നിട്ടില്ല. ഇത്രയും തുക ചെലവഴിക്കാതെ കയ്യിലുള്ളതിനാലാവാം ഇത്തവണ കേന്ദ്രത്തിന് അപേക്ഷ നല്‍കാത്തതെന്നും വി മുരളീധരൻ പറഞ്ഞു.

Related Articles

Latest Articles