Saturday, May 18, 2024
spot_img

വൈഗ കൊല കേസ്; വിധി ഇന്ന് , കേസിൽ പിതാവ് സനു മോഹൻ ഏകപ്രതി, ശിക്ഷാവിധി കോടതി ഇന്ന് തന്നെ പ്രഖ്യാപിച്ചേക്കും

കൊച്ചി: പത്തുവയസുകാരി വൈഗ കൊല കേസിൽ വിചാരണ കോടതി ഇന്ന് വിധി പറയും. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമ കേസുകൾ പരിഗണിക്കുന്ന എറണാകുളം പ്രത്യേക കോടതിയാണ് വിധി പറയുന്നത്. വൈഗയെ അച്ഛൻ സനു മോഹൻ ശ്വാസം മുട്ടിച്ച് ബോധം കെടുത്തിയ ശേഷം പുഴയിലേക്ക് എറിയുകയായിരുന്നു.

2021 മാർച്ച് 21നാണ് പ്രൊസിക്യൂഷൻ കേസിന് ആധാരമായ സംഭവം. ആലപ്പുഴയിലെ ബന്ധുവീട്ടിൽ നിന്ന് അമ്മാവനെ കാണിക്കാൻ ആണെന്ന് പറഞ്ഞ് സനു മോഹൻ മകളെ കൂട്ടിക്കൊണ്ടുവന്നു. എറണാകുളം കങ്ങരപ്പടിയിലെ ഫ്‌ളാറ്റിൽ എത്തിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. മൃതദേഹം മുട്ടാർ പുഴയിൽ ഉപേക്ഷിച്ചു. കൊലപാതക ശേഷം മൊബൈൽ ഫോണുകൾ ഉപേക്ഷിച്ച് പ്രതി സംസ്ഥാനം വിട്ടുകയായിരുന്നു.

ഗോവ, കോയമ്പത്തൂർ, മൂകാംബിക തുടങ്ങിയ ഇടങ്ങളിൽ ഒളിവിൽ താമസിച്ച സനുമോഹനെ കർണാടക പൊലീസ് കാർവാറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് തൃക്കാക്കര പൊലീസിന് കൈമാറി. പണം കൊടുക്കാനുള്ളവരെ കബളിപ്പിക്കാനാണ് മകളെ കൊന്നത് എന്നും ആൾമാറാട്ടം നടത്തി ജീവിക്കാനായിരുന്നു പദ്ധതിയെന്നുമായിരുന്നു സനു മോഹന്റെ കുറ്റസമ്മത മൊഴി.കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ശിക്ഷാവിധിയും വിചാരണ കോടതി ഇന്ന് തന്നെ പ്രഖ്യാപിച്ചേക്കും.

Related Articles

Latest Articles