മുംബൈ: വന്ദേഭാരത് ട്രെയിനുകൾ സർവ്വീസ് തുടങ്ങിയ ശേഷം ചില ആഭ്യന്തര പാതകളിലെ വിമാന ടിക്കറ്റ് നിരക്കുകൾക്ക് 20 മുതൽ 30 ശതമാനം വരെ ഇടിവുണ്ടായതായി റിപ്പോർട്ട്. റെയിൽവേ നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ, വന്ദേഭാരതിനെ ആശ്രയിച്ച യാത്രക്കാരിൽ കൂടുതലും യുവതലമുറയാണെന്നും സർവേയിൽ പറയുന്നു.
മുംബൈയിൽ നിന്നും ഷിർദ്ദിയിലേക്കും ഗോവ, സോലാപൂർ എന്നിവിടങ്ങളിലേക്കും പോകുന്ന വന്ദേഭാരത് ട്രെയിനുകളിലെ യാത്രക്കാരുടെ വിവരങ്ങളാണ് റെയിൽവേ പരിശോധിച്ചത്. സെപ്തംബർ 15 മുതൽ ഒക്ടോബർ 13 വരെ ഒരു മാസത്തോളം വരുന്ന ഡാറ്റയാണ് റെയിൽവേ വിശകലനം ചെയ്തത്. വന്ദേഭാരത് സർവ്വീസ് തുടങ്ങിയ ശേഷം ഈ പാതകളിൽ വിമാനസർവ്വീസുകളുടെ തിരക്ക് 10 മുതൽ 20 ശതമാനം വരെ കുറഞ്ഞതായും വിമാന ടിക്കറ്റ് നിരക്കിൽ 20 മുതൽ 30 ശതമാനം വരെ കുറവുണ്ടായതായും റെയിൽവേ ചീഫ് പിആർഒ ശിവരാജ് മനാസ്പുരെ വ്യക്തമാക്കി. അതേസമയം, 85,600 പുരുഷ യാത്രക്കാരും 57, 838 വനിതകളും ഇക്കാലയളവിൽ വന്ദേഭാരത് സർവ്വീസ് പ്രയോജനപ്പെടുത്തിയത്.

