Sunday, May 5, 2024
spot_img

വന്ദേഭാരത് കുതിച്ച് പായും, ഇനി കാറ്റിന്റെ വേഗത്തിൽ;വേഗത 160-ൽ നിന്ന് 200 കിലോമീറ്ററിലേക്ക്; വന്ദേഭാരത് സ്ലീപ്പറും മെട്രോയും വരുന്നു

വന്ദേഭാരത് ട്രെയിനിന്റെ വേഗം 160-ല്‍നിന്ന് 200 കിലോമീറ്ററായി ഉയർത്തുമെന്ന് പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐ.സി.എഫ്.) ജനറല്‍ മാനേജര്‍ ബി.ജി. മല്യ വ്യക്തമാക്കി. വന്ദേഭാരത് എക്സ്പ്രസ്സ് ട്രെയിനുകളുടെ വേഗത 200 കിലോമീറ്ററാക്കി ഉയർത്തണമെന്ന് റെയില്‍വേ ബോര്‍ഡാണ് ആവശ്യപ്പെട്ടത്. ഇതിനാവശ്യമായ സാങ്കേതികവിദ്യ വികസിപ്പിക്കും. ട്രാക്കുകള്‍ കൂടുതല്‍ ബലപ്പെടുത്തും. സിഗ്‌നല്‍ സംവിധാനങ്ങള്‍ നവീകരിക്കും. ഐ.സി.എഫില്‍ വിളിച്ചുചേര്‍ത്ത വാർത്താമസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നിലവില്‍ 21 റൂട്ടുകളില്‍ വന്ദേഭാരത് എക്സ്പ്രസ്സ് ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും ദില്ലി -വാരാണസി, ദില്ലി -കാത്ര റൂട്ടുകളില്‍ മാത്രമേ 160 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിച്ചിട്ടുള്ളു. ചെന്നൈ – റെനിഗുണ്ട, ചെന്നൈ – ജോലാര്‍പ്പേട്ട റൂട്ടുവകളിൽ ഇപ്പോള്‍ 130 കിലോമീറ്റര്‍ വേഗത കൈവരിക്കാവുന്ന രീതിയില്‍ ട്രാക്കുകള്‍ ബലപ്പെടുത്തിയിട്ടുണ്ട്. മറ്റ് റൂട്ടുകളില്‍ വേഗം വര്‍ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

ഈ സാമ്പത്തികവര്‍ഷം വന്ദേഭാരതിന്റെ എ.സി. ചെയര്‍കാറുള്ള 77 ട്രെയിനുകൾ നിര്‍മിക്കും. നിലവിൽ ഐ.സി.എഫിന്റെ 21 വന്ദേഭാരതാണ് പുറത്തിറങ്ങിയത്. ഇതില്‍ 16 കോച്ചുള്ളവയും എട്ട് കോച്ചുകള്‍ അടങ്ങിയവയുമുണ്ട്. ഇനി ഇറങ്ങുന്നത് എട്ട് കോച്ചുകളടങ്ങിയ ട്രെയിനുകൾ മാത്രമായിരിക്കുമെന്നും ഐ.സി.എഫ്. ജനറല്‍ മാനേജര്‍ വ്യക്തമാക്കി .

സാമ്പത്തികവര്‍ഷത്തില്‍ വന്ദേഭാരതിന്റെ ഒന്നുവീതം സ്ലീപ്പര്‍ കോച്ചുകളടങ്ങിയ ട്രെയിനും മെട്രോയും നിര്‍മിക്കുമെന്നും ജനറല്‍ മാനേജര്‍ കൂട്ടിച്ചേർത്തു . പരീക്ഷണ ഓട്ടം വിജയിച്ചാല്‍ 200 സ്ലീപ്പര്‍ കോച്ചുകള്‍ നിര്‍മിക്കാനാണ് റെയില്‍വേ ബോര്‍ഡ് തീരുമാനം. ഇതില്‍ 80 എണ്ണം ഐ.സി.എഫിലും 120 എണ്ണം ലാത്തൂര്‍ കോച്ച് ഫാക്ടറിയിലുമാണ് നിർമ്മിക്കുക . ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡിനാകും (ബെമല്‍) നിർമ്മാണത്തിന്റെ ഉത്തരവാദിത്തം.

സ്ലീപ്പര്‍ വണ്ടിയില്‍ ഒരു ഫസ്റ്റ് ക്ലാസ് കോച്ചും നാല് സെക്കന്‍ഡ് എ.സി. കോച്ചുകളും 11 തേഡ് എ.സി. കോച്ചുകളും പാന്‍ട്രി കാറും ഉണ്ടാകും. രാജധാനി എക്സ്പ്രസിൽ ലഭ്യമായ എല്ലാ സംവിധാനവും ഇതിലുമുണ്ടാകും. ആദ്യഘട്ടത്തിൽ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തിലോടുന്ന വണ്ടികളായിരിക്കും നിര്‍മിക്കുക. പിന്നീട് ഘട്ടംഘട്ടമായി വേഗത വര്‍ധിപ്പിക്കും. വന്ദേഭാരത് മെട്രോ ഹ്രസ്വദൂരത്തേക്കോടുന്ന സർവീസുകളാകും. ഇപ്പോള്‍ സര്‍വീസ് നടത്തുന്ന മെമു കോച്ചുകള്‍ക്ക് പകരമായിട്ടായിക്കും ഇവ രംഗപ്രവേശനം നടത്തുക.

12 അടി വീതിയുള്ള 15 കോച്ചുകളുള്ള ട്രെയിനിൽ 3000 പേര്‍ക്ക് ഒരേസമയം യാത്രചെയ്യാനാകും. വന്ദേഭാരത് ഓടിക്കൊണ്ടിരിക്കെ ട്രാക്കില്‍ കയറുന്ന പശുക്കളെ രക്ഷിച്ച് ദൂരത്തേക്ക് മാറ്റാനുള്ള സംവിധാനം ഏര്‍പ്പെടുത്തും. ഇതിന്റെ ഭാഗമായി വന്ദേഭാരതിന്റെ മുന്‍ ഭാഗത്തെ കോച്ചിൽ മാറ്റംവരുത്തും. വന്ദേഭാരതിനുനേരെ കല്ലെറിയുന്നവരെ കണ്ടെത്താന്‍ എല്ലാ വണ്ടികളിലും സി.സി.ടി.വി.കള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ജനറല്‍ മാനേജര്‍ പറഞ്ഞു.

Related Articles

Latest Articles