വർക്കല തീപിടുത്തത്തിൽ മരിച്ച അഞ്ച് പേരുടെ സംസ്കാരം ഇന്ന്. അഞ്ചുപേരുടെയും മൃതദേഹം വിലാപയാത്രയായി അവരുടെ ഭവനത്തിലേക്ക് എത്തിയ്ക്കും. സംസ്കാര ചടങ്ങുകൾ ഉച്ചയോടെ വീട്ടുവളപ്പിൽ നടത്തും. അപകട മരണത്തിന്റെ തുടർനടപടികൾ ഫൊറൻസിക് റിപ്പോർട്ട് ലഭിച്ചശേഷം നടത്തുമെന്ന് പോലീസ് അറിയിച്ചു.
സംഭവത്തിൽ തീയുടെ ഉറവിടം കണ്ടെത്താൻ അന്വേഷണസംഘം തീപിടുത്തം പുനരാവിഷ്കരിച്ചിരുന്നു. പോലീസും ഇലക്ട്രിക്കൽ ഇൻ പെക്ടറേറ്റ് ഉദ്യോഗസ്ഥരും ഫൊറൻസിക്കും ചേർന്നാണ് തീപിടുത്തം പുനരാവിഷ്കരിച്ചത്. ഫൊറൻസിക് ഫലം വന്നാൽ മാത്രമേ തീ പടർന്നതിന്റെ ഉറവിടം കണ്ടെത്താൻ സാധിക്കുകയുള്ളു. തീ പടർന്നത് കാർ പോർച്ചിൽ നിന്നോ വീട്ടിനുള്ളിൽ നിന്നോ ആകാമെന്നാണ് പ്രാഥമിക നിഗമനം.
മാർച്ച് 8 ന് പുലർച്ചെയായിരുന്നു വർക്കലയിൽ ചെറുന്നിയൂരിൽ വീടിന് തീപിടിച്ചത്. പ്രതാപൻ (62), ഭാര്യ ഷെർലി(52), മകൻ അഖിൽ (25), മരുമകൾ അഭിരാമി(24), അഭിരാമിയുടെയും മൂത്തമകൻ നിഖിലിന്റെയും എട്ട് മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് മരിച്ചത്. പ്രതാപന്റെ മൂത്തമകൻ നിഖിലിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. നിഖിലിന്റെ ആരോഗ്യ നില മെച്ചപ്പെടുന്നതായി ബന്ധുക്കൾ അറിയിച്ചു.

