Saturday, April 27, 2024
spot_img

അഴിമതികളുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ്, ആറ് മാസത്തിലധികമായി കേരളത്തിലെ മുഖ്യമന്ത്രി മാദ്ധ്യമങ്ങളെ കണ്ടിട്ട്, അദ്ദേഹം ഇപ്പോൾ ഒരു ആകാശവാണിയായി പ്രവർത്തിക്കുകയാണ്, മാസപ്പടി വിവാദത്തിൽ പാർട്ടി സെക്രട്ടറിയല്ല മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മറുപടി പറയണമെന്ന്പ്രതിപക്ഷനേതാവ് വി ഡി സതീശൻ

മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കെതിരെ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണം ഉയർന്നതിന് പിന്നാലെ മാത്യു കുഴല്‍നാടന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അടുത്തിടെ പുറത്തുവന്ന എല്ലാ അഴിമതികളുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മാസപ്പടി ഉള്‍പ്പടെ ആറ് അഴിമതി ആരോപണങ്ങള്‍ ചര്‍ച്ചയാക്കുമെന്ന് വിഡി സതീശന്‍ വ്യക്തമാക്കി. എഐ ക്യാമറ, കെ ഫോണ്‍, മാസപ്പടി വിവാദം തുടങ്ങിയ കാര്യങ്ങളില്‍ ആരോപണം ഉയരുമ്പോള്‍ മറുപടി പറയേണ്ടവര്‍ ഓടിയൊളിക്കുകയാണ്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും മാസപ്പടി വിവാദത്തില്‍ ഉത്തരം പറയേണ്ട ആളാണ്. രണ്ടുപേരും ഒന്നും പറയുന്നില്ല. മാസപ്പടി വിവാദത്തില്‍ ഗോവിന്ദനല്ല മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണെന്നും സതീശന്‍ പറഞ്ഞു.

ആറ് മാസത്തിലധികമായി കേരളത്തിലെ മുഖ്യമന്ത്രി മാദ്ധ്യമങ്ങളെ കണ്ടിട്ട്. അദ്ദേഹം ഒരു ആകാശവാണിയായി പ്രവര്‍ത്തിക്കുകയാണ്. ആര്‍ക്കും ഒരു ചോദ്യവും ചോദിക്കാന്‍ പറ്റില്ല. പെന്‍ഷന്‍ പോലും യഥാസമയം വിതരണം ചെയ്യാന്‍ കഴിയുന്നില്ല, സംസ്ഥാനത്ത് എല്ലാ വികസനപ്രവര്‍ത്തനവും സ്തംഭിച്ചു. സപ്ലൈകോയെ കെഎസ്ആര്‍ടിസി പോലെയാക്കി. വെള്ളക്കരവും വൈദ്യുതി ചാര്‍ജ്, ഇന്ധന സെസ് എല്ലാ കൂട്ടി എന്നിട്ടാണ് വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് പറയുന്നത്. പുതുപ്പള്ളിയിലെ ജനങ്ങളോടും കേരള സമൂഹത്തോടും പിണറായി സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയുമാണ് പ്രതിപക്ഷം ഉയര്‍ത്തിക്കാണിക്കുകയെന്നും സതീശന്‍ പറഞ്ഞു.

അതേസമയം മാസപ്പടി വിവാദത്തിൽ പ്രതികരിച്ച മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കെതിരെ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണവുമായി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ രംഗത്തെത്തിയതോടെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് മാത്യു കുഴല്‍നാടന്‍. വിജിലന്‍സ് കേസ് കൊണ്ടു തന്നെ വേട്ടയാടാമെന്ന് കരുതേണ്ടെന്നും സര്‍ക്കാരിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ടുപോകുമെന്നും കേസിനെ താന്‍ ഭയപ്പെടുന്നില്ലെന്നും ഇനിയങ്ങോട്ട് യുദ്ധത്തിന്റെ നാളുകളാണെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.

Related Articles

Latest Articles