പെരിന്തല്‍മണ്ണ: ശബരിമല ദർശനം നടത്തിയ കനകദുര്‍ഗ സമർപ്പിച്ച ഹര്‍ജിയില്‍ പുലാമന്തോള്‍ ഗ്രാമ കോടതി ഇന്ന് വിധി പറയും.അങ്ങാടിപ്പുറത്തെ ഭര്‍തൃവീട്ടില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് കനകദുര്‍ഗ നല്‍കിയ ഹര്‍ജിയിലാണ് വിധി പറയുക. ഭര്‍ത്തൃവീട്ടില്‍ പ്രവേശിക്കാനും കുട്ടികള്‍ക്കൊപ്പം കഴിയാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കനകദുര്‍ഗ കോടതിയെ സമീപിച്ചത്. ഗാര്‍ഹിക പീഡന നിയമപ്രകാരമാണ് പരാതി നല്‍കിയിരിക്കുന്നത്.

ഇന്നലെ ഹര്‍ജി പരിഗണിച്ചെങ്കിലും ഒരു മണിക്കൂറോളം വാദം കേട്ടശേഷം വിധിപറച്ചില്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കനകദുര്‍ഗയുടെ ഭര്‍ത്താവ് കൃഷ്ണനുണ്ണിയും ഭര്‍ത്തൃമാതാവ് സുമതി അമ്മയും ഇന്നലെ കോടതിയില്‍ ഹാജരായിരുന്നു. കനകദുര്‍ഗയ്ക്ക് വേണ്ടി അഭിഭാഷകയാണ് ഹാജരായത്. സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട രേഖകളടക്കം ഇന്നലെ കോടതിയില്‍ ഹാജരാക്കി. സുപ്രീംകോടതിയില്‍ സുരക്ഷയാണ് ആവശ്യപ്പെട്ടതെന്നും ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് മറ്റൊരു ഹര്‍ജിയാണ് സമര്‍പ്പിച്ചതെന്നും കനകദുര്‍ഗയുടെ അഭിഭാഷക അറിയിച്ചു.

ശബരിമല ദര്‍ശനത്തിന് ശേഷം ഭക്തരുടെ പ്രതിഷേധം ഭയന്ന് ഒളിവില്‍ താമസിച്ചിരുന്ന കനകദുര്‍ഗ പിന്നീട് ഭര്‍തൃവീട്ടിലെത്തിയപ്പോള്‍, ഭര്‍തൃമാതാവ് സുമതിയും ബന്ധുക്കളും വീട്ടില്‍ കയറാന്‍ അനുവദിച്ചില്ലെന്നും ശാരീരികമായി ഉപദ്രവിച്ചെന്നുമാണ് ആരോപണം. ഇതിന്റെ അടിസ്ഥാനത്തില്‍ ഭര്‍തൃമാതാവിനും ബന്ധുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുക്കുയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കനകദുര്‍ഗ മര്‍ദിച്ചു എന്നാരോപിച്ച്‌ സുമതിയും പൊലീസില്‍ പരാതി നല്‍കി. ഈ പരാതിയിലും പെരിന്തല്‍മണ്ണ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭര്‍തൃവീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് കനകദുര്‍ഗ വനിതാ ഷെല്‍ട്ടറിലാണ് കനകദുർഗ ഇപ്പോൾ താമസിക്കുന്നത്. ജനുവരി രണ്ടിന് പുലര്‍ച്ചെയാണ് കനകദുര്‍ഗയും ബിന്ദുവും ശബരിമലയില്‍ ദര്‍ശനം നടത്തിയത്.