Wednesday, January 7, 2026

പ്രശസ്ത കൊമേഡിയനും ബോളിവുഡിലെ മുതിർന്ന അഭിനേതാവുമായ ജഗ്‌ദീപ് അന്തരിച്ചു

മുംബൈ : ബോളിവുഡിലെ മുതിർന്ന അഭിനേതാവ് ജഗ്‌ദീപ് അന്തരിച്ചു . 81 വയസായിരുന്നു . മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ഇദ്ദേഹം ഏറെ നാളായി ചികിത്സയിലായിരുന്നു . നടന്‍ ജാവേദ് ജഫ്രിയും ടെലിവിഷന്‍ പ്രൊഡ്യൂസര്‍ നവേദ് ജഫ്രിയും മക്കളാണ്.

തന്റെ ഒന്‍പതാം വയസ്സില്‍ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാനായുള്ള അന്വേഷണത്തിനിടെയാണ് അദ്ദേഹം ഒരു ബാലനടനായി സിനിമയിൽ അരങ്ങേറുന്നത്. ബി ആര്‍ ചോപ്രയുടെ അഫ്‍സാന ആയിരുന്നു ആ ചിത്രം. അത് ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി അവസരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു .

ഷോലെ, അന്ദാസ് അപ്ന അപ്ന, ഖുർബാനി, ഷഹൻഷ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. അബ് ദില്ലി ദൂര്‍ നഹി, കെ എ അബ്ബാസിന്‍റെ മുന്ന, ഗുരു ദത്തിന്‍റെ ആര്‍ പാര്‍, ബിമല്‍ റോയ്‍യുടെ ദൊ ബീഗ സമീന്‍ തുടങ്ങി നാനൂറിലേറെ സിനിമകളിലാണ് അഭിനയിച്ചത്.

ഏറ്റവും ശ്രദ്ധേയം ഷോലെയിലെ സൂര്‍മ ഭോപാലി എന്ന കഥാപാത്രമായിരുന്നു. അഞ്ച് സിനിമകളില്‍ നായകനായും അഭിനയിച്ചിട്ടുണ്ട്.റൂമി ജഫ്രിയുടെ സംവിധാനത്തില്‍ 2012ല്‍ പുറത്തെത്തിയ ഗലി ഗലി ചോര്‍ ഹൈ എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. ഐഫയുടെ ലൈഫ് ടൈം അച്ചീവ്‍മെന്‍റ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.സയ്യിദ് ഇഷ്‍തിയാഖ് അഹമ്മദ് ജഫ്രി എന്നാണ് ജഗ്‍ദീപിന്‍റെ യഥാര്‍ഥ പേര്. 1939ല്‍ അമൃത്സറിലായിരുന്നു ജനനം. അജയ് ദേവ്‍ഗണും ഹന്‍സാല്‍ മെഹ്‍തയും ഉള്‍പ്പെടെ ബോളിവുഡിലെ നിരവധി പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

Related Articles

Latest Articles