കൊച്ചി: ബലാത്സംഗ പരാതിയില്‍ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരായ പീഡനക്കേസിൽ താരസംഘടനയായ ‘അമ്മ’ നടനിൽ നിന്നും വിശദീകരണം തേടി. തുടർ നടപടി ചര്‍ച്ച ചെയ്യാന്‍ അമ്മ എക്സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. നടനെതിരെ നടപടി വേണമെന്ന് ശ്വേത മേനോൻ ചെയർപേഴ്സനായ ഇന്‍റേണൽ കംപ്ലെയിന്‍റ്സ് കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്.
അതേസമയം, വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുന്നതിൽ ഹൈക്കോടതിയിലെ മുൻകൂർ ജാമ്യാപേക്ഷ തടസ്സമല്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യാൻ വിദേശത്ത് പോകും. നടൻ വിജയ് ബാബുവിൻറെ മുൻകൂർ ജാമ്യാപേക്ഷ വേനലവധിയ്ക്ക് ശേഷം പരിഗണിക്കാനായി ഹൈക്കോടതി മാറ്റി വച്ചിരിക്കുകയാണ്.
കോടതിയിൽ നിന്ന് ഇതുവരെ പ്രത്യേക നിർദ്ദേശമൊന്നും ഇല്ലാത്തതിനാൽ അറസ്റ്റിന് തടസ്സമില്ലെന്ന നിഗമനത്തിലാണ് പോലീസ്. ഈ സാഹചര്യത്തിലാണ് ദുബായിലേക്ക് കടന്ന വിജയ് ബാബുവിനെ തിരിച്ച് കൊണ്ടുവരാൻ ആവശ്യമെങ്കിൽ വിദേശത്ത് പോകാൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ദുബായിലേക്ക് പോകാതെ തന്നെ നടനെ തിരിച്ച് എത്തിക്കാനുള്ള ശ്രമങ്ങളും പോലീസ് നടത്തുന്നുണ്ട്.

