തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ നടൻ വിജയ് സേതുപതിയുടെ സൂപ്പർ ഹിറ്റ് ചിത്രമാണ് ‘വിക്രം വേദ’. കോളിവുഡില്‍ 2017ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ വന്‍ വിജയം നേടിയ ഒന്നായിരുന്നു വിക്രം വേദ. വേദയായി വിജയ് സേതുപതി എത്തിയ ചിത്രത്തില്‍ വിക്രമായത് മാധവന്‍ ആയിരുന്നു.
ഇപ്പോഴിതാ ‘വിക്രം വേദ’യുടെ ഹിന്ദി റീമേക്കിലെ ‘വേദ’യുടെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ്. ഒറിജിനലിന്‍റെ സംവിധായകരായ പുഷ്‍കര്‍-ഗായത്രി തന്നെയാണ് ഹിന്ദി റീമേക്കും സംവിധാനം ചെയ്യുന്നത്. ഹൃത്വിക് റോഷനാണ് വേദയായി സ്ക്രീനില്‍ എത്തുന്നത്. ഹൃത്വിക്കിന്‍റെ പിറന്നാള്‍ ദിനത്തിലാണ് അണിയറക്കാര്‍ ലുക്ക് പുറത്തുവിട്ടത്. ഒരു ആള്‍ക്കൂട്ടത്തിന്‍റെ പശ്ചാത്തലത്തില്‍ സണ്‍ ഗ്ലാസ് വച്ച് വിയര്‍പ്പും അഴുക്കും പുരണ്ട വസ്ത്രവുമായാണ് ഫസ്റ്റ് ലുക്കില്‍ കഥാപാത്രത്തിന്‍റെ നില്‍പ്പ്. റീമേക്കില്‍ വിക്രമായി എത്തുന്നത് സെയ്ഫ് അലി ഖാന്‍ ആണ്.
‘VIKRAM VEDHA’: HRITHIK FIRST LOOK AS VEDHA… #FirstLook of #HrithikRoshan as #Vedha from #VikramVedha… Costars #SaifAliKhan and #RadhikaApte… Pushkar-Gayathri – who directed the original #Tamil film – direct this film. #VedhaFirstLook #HappyBirthdayHrithikRoshan pic.twitter.com/PDjpjDhFVA
— taran adarsh (@taran_adarsh) January 10, 2022
അതേസമയം, നിയോ നോയര്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ‘വിക്രം വേദ’ ഭാഷയുടെ അതിരുകള്‍ക്കപ്പുറത്ത് പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. കേരളത്തിലും വന്‍ വിജയമായിരുന്നു ചിത്രം നേടിയത്. പഴയ വിക്രമാദിത്യന്‍-വേതാളം കഥയെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ ധര്‍മ്മത്തെയും നീതിയെയും കുറിച്ച് പൊലീസ് ഓഫീസറോട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന ഗുണ്ടാത്തലവനായിരുന്നു വിജയ് സേതുപതി കഥാപാത്രം. ഇരുവരുടെയും പ്രകടനവും കൈയടി നേടിയിരുന്നു.
ഫ്രൈഡേ ഫിലിംവര്‍ക്ക്സിന്‍റെ ബാനറില്‍ നീരജ് പാണ്ഡേ, ഒപ്പം റിലയന്‍സ് എന്‍റര്‍ടെയ്ന്‍മെന്‍റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മാണം. 2002ല്‍ പുറത്തെത്തിയ ‘ന തും ജാനോ ന ഹം’ എന്ന ചിത്രത്തിലാണ് ഇതിനു മുന്‍പ് ഹൃത്വിക്കും സെയ്ഫും ഒരുമിച്ചെത്തിയത്.

